കാറ്റടിച്ചാല്‍ കൂടെപ്പോകാനൊരുങ്ങി കാത്തിരിപ്പുകേന്ദ്രം
താമരശേരി: ശക്തമായ മഴയത്തും കാറ്റിലും ഏതുനിമിഷവും തകര്‍ന്നുവീഴാന്‍ കാത്തിരിക്കുകയാണ് താമരശേരി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്പിലെ കാത്തിരിപ്പുകേന്ദ്രം.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ സ്വകാര്യ വ്യാപാര സ്ഥാപനം നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രം ആശുപത്രിയിലേക്ക് വരുന്നവര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാണ്. ഇരുമ്പുപൈപ്പ് കൊണ്ട് നിര്‍മിച്ച ഷെഡിന്റെ കാലുകള്‍ തുരുമ്പെടുത്ത് ജീര്‍ണിച്ച അവസ്ഥയിലാണ്. മേല്‍ഭാഗത്തെ ഷീറ്റുകള്‍ ഇളകിയും ദ്വാരങ്ങള്‍ രൂപപ്പെട്ട നിലയിലുമാണ്.
സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് നിലവില്‍ ഷെഡ് സംരക്ഷിച്ചുവരുന്നത്. ടൗണിലെ നടപ്പാതയ്ക്ക് മുകളില്‍ സ്ഥാപിച്ചതായതിനാല്‍ നൂറുകണക്കിനു പേരാണ് ഇതുവഴി നടന്നുപോകുന്നത്. ഓട്ടോ പിടിക്കുന്നതിനായി ആശുപത്രിയിലെത്തുന്നവര്‍ കയറിനില്‍ക്കുന്ന ഇടവുമാണിത്. ശക്തമായൊരു കാറ്റോ മഴയോ വന്നാല്‍ ഈ ഷെഡ് തകര്‍ന്നുവീഴാനുള്ള സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."