ബസ് ടെര്‍മിനലില്‍ മദ്യഷാപ്പ് തുടങ്ങണമെന്ന് എ. പ്രദീപ്കുമാര്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ മാവൂര്‍ റോഡിലെ ബസ് ടെര്‍മിനലില്‍ ബിവറേജ് ഔട്ട്‌ലെറ്റ് തുടങ്ങണമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ.
കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും ഉദ്ഘാടന വേദിയില്‍ മന്ത്രി ടി.പി രാമകൃഷ്ണനോടായിരുന്നു ചടങ്ങില്‍ അധ്യക്ഷനായ എം.എല്‍.എയുടെ ആവശ്യം. ആളുകള്‍ കൂടുതല്‍ എത്തിപ്പെടുന്ന സ്ഥലമായതിനാല്‍ ഇതു വന്‍ ലാഭകരമാകും.
ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടെന്നും ഡ്യൂട്ടിഫ്രീ മാതൃകയില്‍ ആകാമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
മദ്യം ആവശ്യമില്ലാത്തവര്‍ അതു തൊടില്ലെന്നും ആവശ്യമുള്ളവര്‍ എവിടെ പോയിട്ടാണെങ്കിലും അതു സ്വന്തമാക്കുമെന്നും കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തില്‍ ഇതിനു വന്‍ സാധ്യതയും സൗകര്യവുമുണ്ടെന്നും എം.എല്‍.എ വിശദീകരിച്ചു. ഇതിനായി വകുപ്പ് മന്ത്രി കൂടിയായ ഉദ്ഘാടകന്‍ മുന്‍കൈ എടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ആവശ്യം ഗൗരവപൂര്‍വം കേട്ട മന്ത്രി ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അറിയിക്കുകയും ചെയ്തു.
അതേസമയം എം.എല്‍.എയുടെ ആവശ്യത്തിനെതിരേ സദസില്‍നിന്ന് തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. സമൂഹത്തില്‍ മദ്യത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരെത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ മദ്യശാല തുറക്കാനുള്ള നീക്കം ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പൊതുജനാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."