വിജിലന്‍സ് പൂര്‍ണ സ്വാതന്ത്ര്യത്തിലെന്ന് ജേക്കബ് തോമസ്
കൊച്ചി: വിജിലന്‍സ് ഇതില്‍ കൂടുതല്‍ സ്വതന്ത്രമാകാനില്ലെന്നും പൂര്‍ണ സ്വാതന്ത്ര്യമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ സ്വാതന്ത്ര്യമുള്ളതിനാലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കാന്‍ സാധിക്കുന്നത്. അഴിമതിവിരുദ്ധനയം നടപ്പാക്കുകയാണ് വിജലന്‍സിപ്പോള്‍.
സംസ്ഥാനത്തെ 88 വകുപ്പുകളിലും 120 പൊതുമേഖലാ സ്ഥാപനങ്ങളിലും അഴിമതി എങ്ങനെ നടക്കുന്നു, അതില്‍ ഏര്‍പ്പെടുന്നവരാരൊക്കെ, എതിര്‍ക്കുന്നവരാരൊക്കെ എന്നിവയെക്കുറിച്ചറിയാന്‍ വിജിലന്‍സ് പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലവിധ അഴിമതികള്‍ ഈ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുണ്ട്. അഴിമതിക്കാര്‍ക്കെതിരേ ഉറപ്പായും നടപടിയുണ്ടാകും. നയപരമായ മാറ്റങ്ങള്‍ വരുത്തും. ചിലര്‍ക്കെതിരേ ഡിപ്പാര്‍ട്ട്‌മെന്റ്തല നടപടികള്‍ ഉണ്ടാകും. കൂടാതെ അഴിമതി നടത്തിയതുമൂലം സര്‍ക്കാരിന് നഷ്ടമായ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണു ചിലര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചത്.
ഒരോ ജില്ലയിലും വിജിലന്‍സിനെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പൊലിസ് വകുപ്പിലെ അഴിമതി അവസാനിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തും. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പിയുമായി സംസാരിച്ചിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും യൂനിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് അഴിമതിവിരുദ്ധ നടപടികള്‍ സ്വീകരിക്കും. അഴിമതിയില്ലാത്ത കേരളത്തിനായാണ് വിജലന്‍സ് പരിശ്രമിക്കുന്നത്. പ്രമോഷനും പോസ്റ്റിങ്ങിനും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്ന നടപടി വേഗത്തിലാക്കും. അഴിമതി അവസാനിപ്പിക്കുന്നതിന് ഇത് സഹായിക്കും. വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അതില്‍ വെള്ളം ചേര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."