ആലത്തൂര്‍ എസ്‌റ്റേറ്റ്; കര്‍ണാടക പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു
മാനന്തവാടി: മരണപ്പെട്ട കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് ഉടമ മൈസൂര്‍ പൊലിസില്‍ നാല് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ആലത്തൂര്‍ എസ്‌റ്റേറ്റിന്റെ രേഖകള്‍ കര്‍ണ്ണാടക പൊലിസ് മാനന്തവാടിയിലെത്തി ശേഖരിച്ചു.
മരണപ്പെട്ട യൂജിന്‍ ജുവര്‍ട്ട് വാനിംഗന്റെ ബന്ധുക്കള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നുള്ള അന്വേഷണമാണ് കര്‍ണ്ണാടക സി.ഐ.ഡി.യിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്നത്. മാനന്തവാടി താലൂക്ക് തഹസില്‍ദാറില്‍ നിന്നുമാണ് എസ്‌റ്റേറ്റ് സംബന്ധിച്ച മുഴുവന്‍ രേഖകളുടെയും കോപ്പികള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ശേഖരിച്ചത്. 2013 മാര്‍ച്ച് 11നായിരുന്നു ആലത്തൂര്‍ എസ്‌റ്റേറ്റിന്റെ ഉടമസ്ഥനായിരുന്ന വിദേശപൗരന്‍ യൂജിന്‍ ജുവര്‍ട്ട് വാനിംഗന്‍ മൈസൂരില്‍ വച്ച് മരണമടഞ്ഞത്.
മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് നിലവില്‍ ആലത്തൂര്‍ എസ്‌റ്റേറ്റിന്റെ ഉടമസ്ഥനും മരണപ്പെട്ട ജുവര്‍ട്ട് വാനിങ്കന്റെ ദത്തുപുത്രനുമായ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനെതിരേ മൈസൂരിലെ നാസറാബാദ് പൊലിസ് സ്‌റ്റേഷനില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുപ്രകാരം ഈശ്വറിനെതിരേ നാസറാബാദ് പൊലിസ് 462013 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസില്‍ 403, 409, 420, 464, 342, 384, 506 എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും 1972ലെ വന്യജിവി സംരക്ഷണ നിയമത്തിലെ 39, 52 നമ്പര്‍ പ്രകാരവും കേസെടുത്തിരുന്നു. ഈ കേസില്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുകുയും പന്നീട് കോടതി വിട്ടയക്കുകയുമായിരുന്നു. ഇതിനെതിരേ ജുവര്‍ട്ടിന്റെ അടുത്ത ബന്ധുവെന്നവകാശപ്പെട്ട് ഇപ്പോള്‍ എസ്‌റ്റേറ്റിന് അവകാശവാദവുമായി ജില്ലാകലക്ടറെ സമീപിച്ചിരിക്കുന്ന ബ്രിട്ടനിലെ ആസ്‌കോയില്‍ താമസിക്കുന്ന മെറ്റില്‍ഡ എന്ന ടില്ലി ഗിഫോര്‍ഡ് സുപ്രീം കോടതിയില്‍ 2014ല്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ വീണ്ടും നല്‍കിയ ക്രിമിനല്‍ അപ്പീല്‍ പരിഗണിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍, കര്‍ണ്ണാടക അഭ്യന്തരവകുപ്പിലെ നാസറാബാദ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിക്കൊണ്ടാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി നടപടികളുടെയും കൂടി ഭാഗമായിട്ടാണ് കേസന്വേഷിക്കുന്ന കര്‍ണ്ണാടക സി.ഐ.ഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ എച്ച്.ആന്റ്.ബി യൂണിറ്റിലെ ഡിവൈ.എസ്.പി ചന്ദ്രശേഖരയുടെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയിലെത്തി രേഖകള്‍ ശേഖരിച്ചത്.
സംഘം കലക്ടറേറ്റിലും ആലത്തൂര്‍ എസ്‌റ്റേറ്റിലെത്തിയും വിവരങ്ങള്‍ രേഖപ്പെടുത്തി. ഈശ്വറിനെതിരേ നേരത്തെ നടത്തിയ തെളിവെടുപ്പുകളിലും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇയാള്‍ അവസാന നാളുകളില്‍ ജുവര്‍ട്ടിനെ വീട്ടുതടങ്കലിലാക്കിയാതായും ജുവര്‍ട്ടിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ 2014 മുതല്‍ ജുവര്‍ട്ടിനെതിരേയുള്ള കേസില്‍ രംഗത്തുണ്ടായിരുന്ന മെറ്റില്‍ഡ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് എസ്‌റ്റേറ്റിന് അവകാശവാദവുമായി രംഗത്ത് വന്നത്. കാട്ടിക്കുളത്തെ 220 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയതായിരുന്നു. എസ്‌റ്റേറ്റ് ഏറ്റെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ അധികൃതര്‍ ഈശ്വറിന് നോട്ടീസ് നല്‍കിയിരുന്നു. നിരവധിതവണ ഇതുസംബന്ധിച്ച ഹിയറിങുകളും കഴിഞ്ഞു. ഒടുവില്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ മാത്രമാണ് മെറ്റില്‍ഡ എന്ന ടില്ലി ഗിഫോര്‍ഡ തടസവാദം ഉന്നയിച്ച് രംഗത്ത് വന്നത്. ആലത്തൂര്‍ എസ്‌റ്റേറ്റ് സംബന്ധിച്ച് 2012 ഡിസംബര്‍ ഒന്നിന് യൂജിന്‍ ജുവര്‍ട്ട് വാനിംഗന്‍ തന്റെ പേരില്‍ ഒരു എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നുവെന്നും അതിനാല്‍ എസ്‌റ്റേറ്റ് സര്‍ക്കാരിലേക്ക് ഏറ്റെടുക്കരുതെന്നുമാണ് മെറ്റില്‍ഡ ആവശ്യപ്പെടുന്നത്. തന്റെ വല്ല്യമ്മയുടെ ഏറ്റവും ഇളയ സഹോദരനാണ് മരണപ്പെട്ട യൂജിന്‍ ജുവര്‍ട്ട് വാനിംഗനെന്നായിരുന്നു മെറ്റില്‍ഡയുടെ അവകാശവാദം. എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ സംബന്ധിച്ച വിചാരണകളും നടപടികളും ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് മെറ്റില്‍ഡ തടസവാദം ഉന്നയിച്ചതെന്നതിനാല്‍ ജില്ലാകലക്ടര്‍ ഇതു സംബന്ധിച്ച് നിയമോപദേശം തേടി ബന്ധപ്പെട്ട ഫയല്‍ അഡ്വക്കേറ്റ് ജനറലിന് (ഏ.ജി.) അയച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."