ആഢ്യന്‍പാറയ്ക്കു പുറമേ കോഴിപ്പാറയിലും ചെറുകിട ജലവൈദ്യുത പദ്ധതി
നിലമ്പൂര്‍: ജില്ലയില്‍ പ്രകൃതിരമണീയമായ കോഴിപ്പാറയിലും ജലവൈദ്യത പദ്ധതി വരുന്നു. ഇതിനു മുന്നോടിയായുള്ള സര്‍വേ ഇന്നലെ പൂര്‍ത്തിയായി.
കെ.എസ്.ഇ.ബി സിവില്‍ വിഭാഗമാണ് സര്‍വേ നടത്തിയത്. ചാലിയാര്‍ പഞ്ചായത്തില്‍ കുഴുവന്പുഴയിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്തായാണ് 39 കോടി രൂപ ചെലവില്‍ പദ്ധതി വരിക. തോട്ടപ്പള്ളിയില്‍ പുഴയ്ക്കു കുറുകെ 101 മീറ്റര്‍ നീളത്തില്‍ തടയണ നിര്‍മിച്ചു കനാല്‍വഴി വെള്ളം തിരിച്ചുവിട്ടു സംഭരണിയിലെത്തിക്കും. അവിടെനിന്ന് 400 മീറ്റര്‍ ദൈര്‍ഘ്യമുള്ള പെന്‍സ്റ്റോക്കുവഴി വെള്ളം പവര്‍ഹൗസില്‍ എത്തിച്ചാണ് ഉല്പാദനം. വെള്ളച്ചാട്ടത്തിന് ഒരു കീലോമീറ്റര്‍ മീതെ പവര്‍ഹൗസ് സ്ഥാപിക്കും. 2.5 മെഗാവാട്ട് ശേഷിയുള്ള മൂന്നു ടര്‍ബൈനുകളും സ്ഥാപിക്കും. മഴക്കാലത്തു ലഭിക്കുന്ന അധിക ജലമുപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി നിലമ്പൂര്‍ സബ് സ്റ്റേഷനിലേക്കാണ് എത്തിക്കുക. പദ്ധതിക്ക് ഒന്നര ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടണം. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ആഢ്യന്‍പാറ പദ്ധതിയില്‍ 3.5 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."