സ്ഥാനാര്‍ഥിയായി; എല്‍.ഡി.എഫ് റെഡി!
മലപ്പുറം: വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഇടതുപക്ഷം ആദ്യം കളത്തിലിറങ്ങി. ഇന്നു രാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെക്കൂടി പ്രഖ്യാപിക്കുന്നതോടെ വേങ്ങരയിലെ പോരിനു മൂര്‍ച്ചയേറും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിനു ശേഷമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.പി ബഷീറിനെ പ്രഖ്യാപിച്ചത്.
2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വേങ്ങരയില്‍ ബഷീറായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അന്നു പി.കെ കുഞ്ഞാലിക്കുട്ടിയോട് 38,057 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും പി.പി ബഷീറിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ബഷീറിനെ സ്ഥാനാര്‍ഥിയാക്കണമെന്നു നിര്‍ദേശിച്ചു.
മുസ്‌ലിംലീഗിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പൊതു സ്വതന്ത്രനെ നിര്‍ത്തണമെന്ന ആവശ്യം മുന്നണിയില്‍ ശക്തമായി നിലനിന്നിരുന്നു. സ്വതന്ത്രനെ മത്സരിപ്പിക്കുന്നതിലൂടെ കക്ഷിരാഷ്ട്രീയത്തിനപ്പുറം പിന്തുണ ലഭിക്കുമെന്നായിരുന്നു വാദം. എന്നാല്‍, മണ്ഡലക്കാരനും മണ്ഡലത്തില്‍ പരിചതനുമാണെന്ന പരിഗണനയാണ് ബഷീറിനു ലഭിച്ചത്. ജില്ലാ കമ്മിറ്റിയുടെ മണ്ഡലം കമ്മിറ്റിയുടെയും പിന്തുണയും ബഷീറിനെ തുണച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരുംമുന്‍േപേ പ്രചാരണം ശക്തമാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
എല്‍.ഡി.എഫ് വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ വ്യാഴാഴ്ച ചേരും. വേങ്ങര എ.പി.എച്ച് ഓഡിറ്റോറിയത്തില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം 20നാണ് യു.ഡി.എഫിന്റെ കണ്‍വന്‍ഷന്‍ ചേരുന്നത്. വൈകിട്ട് ഏഴിനു വേങ്ങര പത്തുമൂച്ചിക്കല്‍ സുബൈദ പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് കണ്‍വന്‍ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."