കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീതി: വെള്ളം കയറി റോഡുകളും പാടങ്ങളും മുങ്ങി
പെരിന്തല്‍മണ്ണ: കനത്ത മഴയില്‍ പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം.പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസ്, പൊന്ന്യാകുര്‍ശ്ശി ബൈപാസ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ പാടശേഖരങ്ങളിലും റോഡുകളിലും വെള്ളം കയറി പരന്നൊഴുകിയതോടെ ഗതാഗതവും സ്തംഭിച്ചു. ശക്തമായ മഴയില്‍ ജില്ലയിലെ ഏക അണക്കെട്ടായ വെട്ടത്തൂരിലെ പൂങ്കാവനം ഡാമും, തൂതപ്പുഴയും കുന്തിപ്പുഴയും കരകവിഞ്ഞൊഴുകി.
പെരിന്തല്‍മണ്ണ കോഴിക്കോട് റോഡിലെ മുകള്പാര്ക്ക് ഹോട്ടല്‍ കെട്ടിടം മഴയെ തുടര്‍ന്ന് തകര്‍ന്നു വീണു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.ഹോട്ടല്‍ തുറക്കാത്ത സമയമായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ വെള്ളം ഇരച്ചുകയറിയതോടെ രോഗികളെയും മറ്റും പുതുതായി പ്രവര്‍ത്തനം ആരംഭിച്ച മാതൃ-ശിശു ബ്ലോക്കിലേക്ക് മാറ്റി.
പുലാമന്തോളില്‍ മഴയെ തുടര്‍ന്ന് കുന്തിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പുലാമന്തോള്‍ എമറാള്‍ഡ് റിസോര്‍ട്ടിലേക്കു വെള്ളം കയറി. റിസോര്‍ട്ടിലെ പുഴയിലേക്ക് ചേര്‍ന്ന് നിര്‍മിച്ച ഓഡിറ്റോറിയത്തിനുള്ളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്. വളപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതോടെ ഇഴജന്തുക്കള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളിലേക്ക് എത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. വളപുരത്ത് നിന്നും ചെമ്മല, പാറക്കടവ് ഭാഗങ്ങളിലായാണ് പുഴവെള്ളത്തിലും മറ്റുമായി നിരവധി ഉരവര്ഗങ്ങള് ജനവാസകേന്ദ്രത്തിലെത്തിയത്. കൊടിയ വിഷമുള്ള പാമ്പുകള്‍ ഉള്‍പ്പെടെ പലതിനെയും നാട്ടുകാര്‍ തല്ലിക്കൊന്നെങ്കിലും ആളുകളുടെ ശ്രദ്ധയില്‍പെടാതെ ജീവികള്‍ വന്നിട്ടുണ്ടോയെന്ന ആശങ്കയിലായിരുന്നു അവര്‍.
പെരിന്തല്‍മണ്ണ ചെറുകരയില്‍ മഴവെള്ളംകയറി പ്രദേശത്തെ പരേതനായ ചക്കിങ്ങല്‍ ഇബ്രാഹിമിന്റെ വീടുള്‍പ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളിലും നാശനഷ്ടം സംഭവിച്ചു. അങ്ങാടിപ്പുറം വൈലോങ്ങരയില്‍ തോടും പാടവും നിറഞ്ഞുകവിഞ്ഞതോടെ പാടത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങള്‍ ദുരിതത്തിലായി. പുത്തനങ്ങാടി സെന്റ് തേരോസാസ് നഴ്സറി സ്കൂളിന് പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് അപകടസാധ്യത ഉയര്‍ത്തുന്നതിനാല്‍ 21വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.
ആലിപ്പറമ്പില്‍ ജലനിധി പൈപ്പ് ലൈനുകള്‍ പൊട്ടി. വൈദ്യുതി ലൈനുകളും തകര്‍ന്നു വീണു. ആലിപ്പറമ്പ് തോണിക്കടവ് റോഡില്‍ മണ്ണിടിച്ചിലിനെ വാഹന ഗതാഗതം സ്തംഭിച്ചു. കാമ്പ്രം പാലത്തിന്റെ പ്രധാന സ്ലാബിനു തൊട്ടടുത്ത് വരെ വെള്ളം പൊങ്ങി. കീഴാറ്റൂര്‍, മേലാറ്റൂര്‍, കരിങ്കല്ലത്താണി, താഴേക്കോട് ഭാഗങ്ങളില്‍ കാര്യമായ നഷ്ടങ്ങളുണ്ടായില്ലെങ്കിലും മിക്കയിടങ്ങളിലെ റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. വെട്ടത്തൂരില്‍ നിറഞ്ഞുകവിഞ്ഞ പൂങ്കാവനം അണക്കെട്ട് സന്ദര്‍ശിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണെത്തിയത്.
വളാഞ്ചേരി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില്‍ മേഖലയിലെ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളം കയറി. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ ഗോവിന്ദന് പടിയില്‍ പാതയില്‍ വെള്ളം കയറിയതിനാല്‍ വാഹന ഗതാഗതം തടസപ്പെട്ടു. കൊളമംഗലത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഏറെ നാശനഷ്ടങ്ങളുണ്ടായി. കാവുംപുറം പാറക്കല്‍ തോടിന് അഞ്ച് ഏക്കറോളം നെല്‍ക്കൃഷി വെള്ളത്തിനടിയിലായി. രണ്ടു ഏക്കറോളം കതിരായി വിളവെത്തിയ നവര നെല്‍കൃഷിയും വെള്ളത്തിനടിയിലായി. പൂക്കാട്ടിരി തോടിന് സമീപം സ്രാമ്പിയില്‍ വെള്ളം കയറി. പാടശേഖരങ്ങളില്‍ ജലസേചനത്തിനായി സ്ഥാപിച്ച മോട്ടോറുകളില്‍ വെള്ളം കയറിയതിനാല്‍ പ്രവര്‍ത്തനരഹിതമായി. കാട്ടിപ്പരുത്തി പാടശേഖരത്തില്‍ നടീലിനായി ശേഖരിച്ച ഞാര്‍ മുടികള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കാര്‍ത്തല വടക്കുംമുറിയില്‍ മതില് ഇടിഞ്ഞ് വീണു. ദേശീയപാത വട്ടപ്പാറയില്‍ അക്കേഷ്യ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വൈക്കത്തൂര്‍ കിഴക്കേ കര റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കനത്ത മഴ വൈകിട്ടും തുടരുകയാണ്. ചിലയിടങ്ങളില്‍ വൈദ്യുതിയും നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."