പാലം കടക്കാന്‍ അഭ്യാസം പഠിക്കണം
ആലക്കോട്: ചാണോക്കുണ്ട് കരിവേടന്‍കുണ്ട് പുഴക്ക് കുറുകെ പാലമില്ലാത്തതിനാല്‍ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തില്‍. ഒരു കോണ്‍ക്രീറ്റ് പാലമെന്ന ഇവരുടെ ആവശ്യത്തിനു അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ചപ്പാരപ്പടവ് പഞ്ചായത്തിലെ പുറത്തോടി, ചുണ്ടക്കുന്ന് ആദിവാസി കോളനികളിലേക്ക് എത്തണമെങ്കില്‍ ഈ പുഴ കടക്കാതെ നിര്‍വാഹമില്ല. കോളനി നിവാസികളെ കൂടാതെ അന്‍പതോളം കര്‍ഷക കുടുംബങ്ങളും പുഴയുടെ മറുകരയില്‍ താമസിക്കുന്നുണ്ട്.
വേനല്‍ക്കാലത്ത് പുഴയിറങ്ങി കടക്കാമെങ്കിലും മഴ കനത്താല്‍ ഏറെ ദുരിതമാണ്. പുഴയ്ക്ക് കുറുകെ മുള കൊണ്ട് നിര്‍മിച്ച തൂക്കുപാലം ഏതുസമയവും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. ഇരുമ്പുകമ്പികള്‍ കൊണ്ട് താങ്ങിനിര്‍ത്തിയിരിക്കുന്ന പാലത്തില്‍കൂടി സാഹസികമായാണ് നാട്ടുകാര്‍ യാത്രചെയ്യുന്നത്. പാലം അപകടാവസ്ഥയിലായതോടെ ഇരുകരകളിലും വലിച്ചുകെട്ടിയ കയറില്‍ പിടിച്ചാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര.
വിദ്യാര്‍ഥികളെയും പ്രായമായവരെയും സാഹസികമായാണ് മറുകരയില്‍ എത്തിക്കുന്നത്. ശക്തമായ കുത്തൊഴുക്കുള്ള പുഴയാണിത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുഴയില്‍ വീണ് പരുക്കേല്‍ക്കുന്നത് പതിവാണെങ്കിലും അധികൃതര്‍ കണ്ട മട്ടില്ല. പുഴക്ക് കുറുകെ നടപ്പാലം നിര്‍മിക്കാന്‍ ഒന്‍പതു ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു രൂപ പോലും ഇവിടെ എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."