മതിലിടിഞ്ഞു രണ്ടു പേര്‍ക്കു പരുക്കേറ്റു
കാസര്‍കോട്: മതിലിടിഞ്ഞു രണ്ടുപേര്‍ക്കു പരുക്കേറ്റു. ബേക്കല്‍ കുറിച്ചി കുന്നിലെ മൊയ്തുവിന്റെ ഭാര്യ മറിയക്കുഞ്ഞി(50), ഇവരുടെ മകന്റെ ഭാര്യ സഫരിയ്യ(35) എന്നിവര്‍ക്കാണു ഗുരുതരമായി പരുക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ഇല്യാസ് നഗര്‍ മസ്ജിദിനു സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പറമ്പിന്റെ മതിലാണ് ഇടിഞ്ഞത്. അഗ്നിരക്ഷാ സേനയും പൊലിസും പ്രദേശവാസികളും ചേര്‍ന്നാണു പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ഇവരുടെ കൂടെ കുട്ടികള്‍ ഉണ്ടായിട്ടുണ്ടായെന്ന സംശയത്തില്‍ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ചു മണ്ണു നീക്കി പരിശോധന നടത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് മതില്‍ മുഴുവനായും പൊളിച്ചുമാറ്റി.
എട്ട് സെന്റ് സ്ഥലത്ത് പത്തോളം ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെ പണിതിട്ടുള്ളത്. ഇതിന്റെ സെപ്റ്റിക്ക് ടാങ്ക് ജനങ്ങള്‍ കടന്നു പോകുന്ന പാതയിലേക്കു തള്ളിനില്‍ക്കുകയും മലിനജലം പാതയിലേക്ക് ഒഴുകുകയും ചെയ്യുന്ന സ്ഥിതിയിലായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു.
ഇതിനെതിരേ ഒട്ടനവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഇടുങ്ങിയ പാതക്കു സമീപമുള്ള എട്ടു സെന്റ് ഭൂമിയില്‍ മലിനജലം ഒഴുക്കിവിടാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയില്‍ പകര്‍ച്ചവ്യാധി ഉള്‍പ്പെടെ പിടിപെടാവുന്ന സാഹചര്യത്തില്‍ പത്തോളം വാടക റൂമുകള്‍ക്ക് അനുമതി നല്‍കിയത് നാട്ടുകാരില്‍ ശക്തമായ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."