മാലിന്യ നിക്ഷേപകര്‍ക്കെതിരേ ശക്തമായ നടപടിയുമായി ഹാര്‍ബര്‍ പൊലിസ്
മട്ടാഞ്ചേരി: അനധികൃതമായി മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ ഹാര്‍ബര്‍ പൊലിസ് വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരാകുന്നു. കൊച്ചി തുറമുഖം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹാര്‍ബര്‍ സ്റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞയിടങ്ങളില്‍ ശുചിമുറി മാലിന്യമുള്‍പ്പെടെ തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് ഹാര്‍ബര്‍ പൊലിസ് ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.
മട്ടാഞ്ചേരി അസി. കമ്മിഷണര്‍ എസ് വിജയന്‍, ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജ്കുമാര്‍, ഹാര്‍ബര്‍ എസ്.ഐ വിനോജ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാതെ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സാധാരണ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യ വിഭാഗമാണെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഹാര്‍ബര്‍ പൊലിസ് തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ പൊലിസ് രാത്രികാല പെട്രോളിങ് നടത്തി 47 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയിലെത്തിക്കുന്നതിലും ഹാര്‍ബര്‍ പൊലിസ് ശുഷ്‌ക്കാന്തി കാട്ടി. ഇതോടെ മാലിന്യ നിക്ഷേപകരുടെ എണ്ണം കുറഞ്ഞെങ്കിലും പൊലിസിന്റെ കണ്ണ് വെട്ടിച്ച് മാലിന്യം നിക്ഷേപിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.
ഉയര്‍ന്ന ജനസാന്ദ്രതയും മാലിന്യം തള്ളാനുള്ള സ്ഥല പരിമിതിയും ചൂണ്ടിക്കാട്ടി നിക്ഷേപത്തിന് ശ്രമിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന കാര്യത്തിലും ഹാര്‍ബര്‍ പൊലിസ് മുന്നിലാണ്.
മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പൊലിസ് രാത്രി കാലങ്ങളില്‍ വേഷം മാറി ചെന്ന് പിടിച്ചവയാണെന്ന പ്രത്യേകതയുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹാര്‍ബര്‍ പൊലിസിന് കഴിഞ്ഞത് എ.സി.പി എസ് വിജയന്‍, സി.ഐ പി രാജ്കുമാര്‍ നിസ്തൂലമായ സഹകരണം മൂലമാണെന്ന് എസ്.ഐ വിനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."