കെ.എസ്.ആര്‍.ടി.സിയില്‍ പര്‍ച്ചേസിങ് ഇനത്തിലെ അഴിമതി തടയാന്‍ നടപടിയില്ല
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ പര്‍ച്ചേസിങ് ഇനത്തില്‍ തുടരുന്ന അഴിമതി തടയുന്നതി ന് നടപടിയില്ല. അഞ്ചുവര്‍ഷമായി ബസുകള്‍ക്കുള്ള പെയിന്റും പഞ്ചിങ് മെഷിനും ഫാനുമുള്‍പ്പെടെ വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്ന സാഹചര്യത്തിലാണ് നടപടിയെടുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തുന്നത്.
അഞ്ചു വര്‍ഷം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലേക്കാവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡര്‍ നല്‍കിയതിലൂടെയാണ് അഴിമതി നടന്നിരിക്കുന്നത്. പൊതുവിപണിയില്‍ 1000 രൂപയോളം വിലയുള്ള ഫാനിന് ടെന്‍ഡര്‍ സ്വീകരിച്ചത് 1302 രൂപയ്ക്കാണ്. പ്രധാന കമ്പനികെള അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. വസോറ എന്ന ചൈനയുടെ ഫാനാണ് അധിക വില നല്‍കി വാങ്ങിയത്. ഇതിന്റെ കൃത്യമായ തെളിവുകളും ജീവനക്കാരുടെ കൈയിലുണ്ട്. ടെക്‌നിക്കല്‍ വിഭാഗത്തിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുള്ളതായും ജീവനക്കാര്‍ ആരോപിക്കുന്നു.
സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ളവയുടെ കച്ചവടത്തിന്റെ മറവില്‍ നടന്ന അഴിമതി ആരോപണത്തെക്കുറിച്ച് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായും ജീവനക്കാര്‍ സുപ്രഭാതത്തോടു പറഞ്ഞു. തിരുവനന്തപുരത്തെ ടെന്‍ഡര്‍ സ്റ്റോറിലേക്കാണ് പര്‍ച്ചേസിങ് ഉപകരണങ്ങള്‍ എത്തുന്നത്. അവിടെനിന്ന് ഓരോ ഡിപ്പോയിലേക്കും മാറ്റുകയാണ് പതിവ്. എന്നാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണോ എന്ന ഉറപ്പുപോലും വരുത്താതെയാണ് സ്ഥാപിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് ഉപകരണങ്ങള്‍ പെട്ടെന്നുള്ള ആവശ്യം പറഞ്ഞ് വാങ്ങിക്കൂട്ടുന്നതുകൊണ്ടു തന്നെ പ്രവര്‍ത്തനക്ഷമമാണോയെന്ന് നോക്കാറില്ലെന്നും ജീവനക്കാര്‍ പറയുന്നു.
ആവശ്യത്തില്‍ കൂടുതല്‍ വാങ്ങിക്കൂട്ടുന്ന പാര്‍ട്‌സുകള്‍ ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്നതും പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍വിസ് കഴിഞ്ഞ് പുറത്തിറക്കുന്ന ബസുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ടിവരുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ബംഗളൂരു ഉള്‍പ്പെടെ വിവിധ കൗണ്ടറുകള്‍ വലിയ സംഖ്യ ചെലവഴിച്ചാണ് ഉദ്ഘാടനം ചെയ്യുന്നത്. നിലവാരം കുറഞ്ഞ മഞ്ഞ പെയിന്റ് അടിച്ചിറക്കുന്ന ബസുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെള്ള നിറത്തിലാകുന്നതു പതിവാണെന്നും ജീവനക്കാര്‍ പറയുന്നു. കോഴിക്കോട് ടെര്‍മിനല്‍ ഉദ്ഘാടനത്തിനായി 36 ലക്ഷത്തോളം രൂപയാണു ചെലവഴിച്ചത്. ഉദ്ഘാടനത്തിനെത്തിയ 100സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ ഭക്ഷണത്തിന് ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപയാണ് കണക്കില്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയും കെ.ടി.ഡി.സിയും സംയുക്തമായാണ് കോഴിക്കോട് ടെര്‍മിനലിന്റെ ഉദ്ഘാടനത്തിനായി ചെലവ് നടത്തിയത്. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കോഴിക്കോട്ടെ ടെര്‍മിനല്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയും ജീവനക്കാരില്‍ വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."