കനത്ത മഴയില്‍ വിറങ്ങലിച്ച് ജില്ല പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു
കൊച്ചി: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ 127 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശക്തമായ മഴയില്‍ കലക്ടറേറ്റ് പരിസരവും തൃക്കാക്കരയുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. പൂയംകുട്ടി മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങിയതോടെ ആദിവാസി മേഖല ഒറ്റപ്പെട്ട നിലയിലാണ്. പൂയംകുട്ടി ആദിവാസി മേഖലയിലുള്ളവര്‍ക്ക് കരമാര്‍ഗം പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ഏക മാര്‍ഗമാണ് മണികണ്ഠന്‍ ചാല്‍ ചപ്പാത്ത്.
കൊച്ചി നഗരറോഡുകളും പരിസരങ്ങളും കാല്‍നടയാത്രപോലും സാധ്യമല്ലാത്തവിധം വെള്ളക്കെട്ടു രൂപപ്പെട്ടു. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ വാഹന ഗതാഗതവും താറുമാറായി. കാനകള്‍ നിറഞ്ഞൊഴുകിയ വെള്ളം റോഡരികിലെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറി. അങ്ങിങ്ങ് ചില അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേനകയില്‍ ശ്രീധര്‍ തീയേറ്ററിനു സമീപം ബ്രോഡ്‌വേയിലേക്കുള്ള പ്രവേശന റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് കാല്‍നടയാത്രക്കാരെ വലച്ചു. ഇവിടെ ഓടയിലെ നീരൊഴുക്കു നിലച്ചതോടെ മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകി. വഴിയോര കച്ചവടക്കാരും ഇതോടെ ദുരിതത്തിലായി. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിലും കെ.എസ്.ആര്‍.ടി.സി റോഡിലും വെള്ളം നിറഞ്ഞുകവിഞ്ഞു. കെ.എസ്.ആര്‍.ടി.സി സ്റ്റാഡ് വെള്ളത്തില്‍ മുങ്ങി. സ്റ്റേഷനിലെ കാത്തിരുപ്പു കേന്ദ്രവും, ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലുമെല്ലാം പതിവു പോലെ വെള്ളക്കെട്ടായിരുന്നു.
ടൗണ്‍ ഹാളിനു പരിസരങ്ങളിലും റോഡുകളില്‍ വെള്ളം നിറഞ്ഞു. സെന്റ് വിന്‍സെന്റ് റോഡ്, പ്രൊവിഡന്‍സ് റോഡ്, മോണാസ്ട്രി റോഡ് തുടങ്ങിയ റോഡുകള്‍ വെള്ളത്തിലാണ്. ജഡ്ജസ് അവന്യു, ഹൈക്കോര്‍ട്ട് ജങ്ഷന്‍ തുടങ്ങിയിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.
മണപ്പാട്ടിപറമ്പ് റോഡ്, ശാസ്താ ടെമ്പിള്‍ റോഡ്, പൊറ്റക്കുഴി, എളമക്കര വഴി ഇടപ്പളളിയില്‍ എത്തുന്ന റോഡ്, തുടങ്ങിയ റോഡുകളും മുട്ടോളം വെള്ളത്തിലാണ്. വൈറ്റില മൊബിലിറ്റി ഹബിലേക്ക് തിരിയുന്ന റോഡിലും സമീപത്തെ ഇട റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പൊന്നുരുന്നി, പൈപ്പ്‌ലൈന്‍ റോഡ്, ആര്യപാടം, ചക്കാല പറമ്പ്, പുതിയ റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, വല്ലാര്‍പാടം, തോപ്പുംപടി, കറുകപ്പിള്ളി, കര്‍ഷകറോഡ്, എളംകുളം, കണ്ടെയ്‌നര്‍ റോഡ്, ദേശീയപാതയിലെ വിവിധഭാഗങ്ങള്‍, കലാഭവന്‍ റോഡ്, ജഡ്ജസ് അവന്യൂ, തുടങ്ങിയ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളില്‍ ചാടി ഇരുചക്ര വാഹന യാത്രക്കാര്‍ അപകടപ്പെടുന്ന സംഭവങ്ങളും ഉണ്ടായി.
മണ്‍സൂണ്‍ തുടങ്ങിയ സമയത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകാഞ്ഞതും നിലവിലെ ദുരിതത്തിനു കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."