ആലപ്പുഴ ബൈപ്പാസ് നിര്‍മാണം; കരാറുകാര്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നുവെന്ന് മന്ത്രി;
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍.
ബൈപ്പാസ് നിര്‍മാണം വേഗത്തിലാക്കാന്‍ അടുത്ത് തന്നെ റിവ്യൂ മീറ്റിംഗ് വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.മതിയായ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് ബൈപ്പാസ് നിര്‍മാണത്തിന് ദേശീയപാത അതോരിറ്റി കരാര്‍ നല്‍കിയിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തെ ബില്‍ മാത്രമാണ് നല്‍കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കരാറുകാരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
എട്ട് മാസം വരെ കുടിശികയുണ്ടായിരുന്ന സ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൃത്യമായി ബില്‍ മാറി നല്‍കുന്നുണ്ട്.
ഇപ്പോള്‍ മൂന്ന് മാസത്തെ മാത്രം ബില്ലാണ് നല്‍കാനുള്ളത്.അദ്ദേഹം പറഞ്ഞു.ബൈപ്പാസ് നിര്‍മാണം വൈകിയതിന് പിന്നില്‍ റെയില്‍വേയുടെ ഭാഗത്തും വീഴ്ചയുണ്ടായി.റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്ലാന്‍ അംഗീകരിക്കുന്നതില്‍ വന്ന കാലതാമസമാണിതില്‍ പ്രധാനം.റെയില്‍വേയുടെ വീഴ്ച നേരത്തെ തന്നെ താന്‍ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും എന്നാല്‍ അന്ന് ഇതിനെ എതിര്‍ത്ത സ്ഥലം എം പിക്ക് ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നതായും മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് നടന്നത്.പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയ പരിപാടിയായതിനാല്‍ താന്‍ അതില്‍ പങ്കെടുത്തില്ലെന്നേയുള്ളൂ.അല്ലാതെ ബഹിഷ്‌കരിച്ചതല്ല.ഉദ്ഘാടനം നടന്ന് ഇത്രയും ദിവസമായിട്ടും ഒരു രോഗിയെ പോലും ഡയാലിസിസ് ചെയ്യാനായില്ല.
മുഴുവന്‍ സൗകര്യങ്ങളുമാകാതെ ആരോഗ്യവകുപ്പിന്റെ അനുമതിക്ക് പോലും കാത്ത് നില്‍ക്കാതെ നഗരസഭ ചെയര്‍മാന്‍ തന്നിഷ്ടം കാണിച്ചത് ഗുരുതരമായ തെറ്റാണ്.ആശുപത്രി സൂപ്രണ്ടും ഡി എം ഒയും പങ്കെടുക്കാത്ത പരിപാടി ആശുപത്രിയില്‍ വെച്ച് നടത്തിയവരാണ് യഥാര്‍ഥ മാടമ്പിത്തരം കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഡയാലിസിസ് സെന്റര്‍ വിഷയത്തില്‍ ഡി സി സി പ്രസിഡന്റും മുന്‍ പ്രസിഡന്റുമൊക്കെ പ്രസ്താവനയിറക്കുന്നത് പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞു.
പുന്നപ്ര സഹകരണ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."