സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു: 17 പേര്‍ക്ക് പരുക്ക്
ചങ്ങനാശേരി: എം.സി റോഡില്‍ സ്വകാര്യബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. അമിതവേഗതയിലെത്തിയ സ്വകാര്യബസ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യബസ് കോട്ടയത്തു നിന്നും തിരുവല്ലയിലേക്കു പോകുകയായിരുന്നു. ഹരിപ്പാട് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറുമായാണ് കൂട്ടിയിടിച്ചത്.
തുരുത്തി 40 -ാം കവലയില്‍ മില്‍മ ബൂത്ത് നടത്തുന്ന കര്‍ണാടക സ്വദേശി ഹരീഷിന്റെ ഭാര്യ വിജയലക്ഷ്മി(22), ബസിന്റെ ചെക്കര്‍ ഈരവാവൂര്‍ വിപിന്‍(39), മിഷ്യന്‍പള്ളിയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി ചന്ദ്രശേഖരന്‍(34), ചിങ്ങവനം പോളച്ചിറ ശ്രീജിത്ത്(20), കുറിച്ചി എസ് പുരം ചാലുമാക്ക് തറയില്‍ പ്രണവ്്(24), ചങ്ങനാശേരി മലകുന്നം മൈലാടുംതറ കനകലത(52) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആനക്കല്ലില്‍ രാജമ്മ(50), കുറിച്ചി മാവേലി പറമ്പില്‍ ബിജു(38),തമിഴ്‌നാട് സ്വദേശി പിച്ചൈപാണ്ടി(50), ചെമ്പകശേരി ആശ(40), കുട്ടനാട് ചെറുകര കോവിലകം സുസ്മിത(64), ബസ് ജീവനക്കാരന്‍ വടക്കേക്കര സ്വദേശി രാഹൂല്‍(25), അന്യസംസ്ഥാന തൊഴിലാളിയും തുരുത്തിയില്‍ താമസിക്കുന്നതുമായ ലക്ഷ്മിധന്‍ പ്രധാന്‍(44), കുറിച്ചി വാഴത്തോട്ടം ശ്രീദേവി(43), തെങ്ങണ താന്നിമൂട്ടില്‍ ആദര്‍ശ്(26), കുറിച്ചി സ്വദേശി സജില്‍(11), ഓറീസ സ്വദേശി ബാലകൃഷ്ണന്‍(25) എന്നിവരും പരുക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ രാവിലെ 6.45 ന് തുരുത്തി പുന്നമൂട് ജങ്ഷനിലുള്ള ബസ് സ്റ്റോപ്പിന് മുന്‍പിലാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തു നിന്നും വന്നിരുന്ന സ്വകാര്യ ബസ് അമിത വേഗത്തില്‍ എത്തുകയും ബസ് സ്റ്റോപ്പിന് മുന്‍പിലായുള്ള ഹോട്ടലിന് മുന്‍വശത്തു വച്ച് പെട്ടന്ന് ബ്രേക്ക് ചെയ്യുകയും ചെയ്തു. ഈ സമയം ബസിന്റെ പുറകുവശം റോഡില്‍ തെന്നിനീങ്ങി എതിര്‍ദിശയില്‍ നിന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡീസല്‍ ടാങ്കിന്റെ ഭാഗത്തിടിക്കുകയും തുടര്‍ന്ന് മുന്നോട്ട് നിരങ്ങി നീങ്ങിയ സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന പാലമരത്തില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."