ജില്ലയെ വിഴുങ്ങി മഴ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; മലയോരമേഖല മണ്ണിടിച്ചില്‍ ഭീഷണിയില്‍
കോട്ടയം: രണ്ടു ദിവസമായി സംസ്ഥാനത്താകെ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയിലെ ജനജീവിതം താറുമാറായി. താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശങ്ങള്‍ ഉണ്ടായി. നഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. ജില്ലയിലെ മലയോര മേഖല മണ്ണിടിച്ചില്‍ ഭീതിയിലാണ്.
താഴത്തങ്ങാടി, കുമ്മനം, ഇല്ലിക്കല്‍, വൈക്കം, വെച്ചൂര്‍, കുമരകം, ചങ്ങനാശേരി, ചങ്ങനാശേരിയുടെ പടിഞ്ഞാറുള്ള അപ്പര്‍കുട്ടനാടന്‍ ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ തുടര്‍ച്ചയായി പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. 48 മണിക്കൂറിലധികമായി മിക്കയിടങ്ങളിലും മഴ പെയ്യാന്‍ തുടങ്ങിയിട്ട്.
ഇവിടങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. മിക്ക റോഡുകളും തകര്‍ന്നു. താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളംകയറി. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അപ്പര്‍കുട്ടനാടന്‍ ഭാഗങ്ങളില്‍ അസുഖങ്ങളും പടര്‍ന്നു പിടിച്ചതായാണ് വിവരം. മഴക്കാലപൂര്‍വ ശുചീകരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ഇപ്പോള്‍ തുടരുന്ന മഴ അപ്രതീക്ഷിതം ആയതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതായാണ് വിവരം.
കാലാവസ്ഥ കനിഞ്ഞതോടെ വിളവെടുപ്പ് വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്ന നൂറുകണക്കിന് കര്‍ഷകര്‍ക്കും മഴ നല്‍കിയത് കനത്ത ആഘാതമാണ്. വൈക്കം, വെച്ചൂര്‍, ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ നെല്‍പാടങ്ങള്‍ എല്ലാം വെള്ളത്തിലാണ്. നെല്ലടക്കമുള്ള കൃഷികള്‍ എല്ലാം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നശിച്ചു. ചില ഇടങ്ങളില്‍ ശക്തമായ കാറ്റും വീശി. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണത് വൈദ്യുതിബന്ധം നഷ്ടപ്പെടുത്തിയത് ചില പ്രദേശങ്ങളെ മണിക്കൂറുകളോളം ഇരുട്ടിലാക്കി. റോഡുകള്‍ പലതും ശക്തമായ മഴയില്‍ തകര്‍ന്നു.
അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ടി.പിയും പൊതുമരാമത്തു വകുപ്പും പല ഭാഗത്തും എം.സി റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇവിടെ എടുത്ത കുഴികളെല്ലാം മഴപെയ്ത് നിറഞ്ഞു കിടക്കുന്നു. ഇത്തരം കുഴികള്‍ വന്‍ അപകടമാണ് ഉണ്ടാക്കുക. വഴിയാത്രക്കാര്‍ക്കുവരെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇവ.
മലയോര മേഖലകളെയും രണ്ടു ദിവസമായി തുടരുന്ന മഴ ബാധിച്ചു. ഈ ഭാഗങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയിലാണ്. വാഗമണ്‍ റോഡില്‍ കാരികാട് ഭാഗത്ത് പലയിടത്തും റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഒറ്റയീട്ടി ഭാഗത്ത് തേക്ക് മരം റോഡിലേയ്ക്ക് വീണു. വൈദ്യുതി തൂണുകളും തകര്‍ന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. അര മണിക്കൂറിന് ശേഷം ഗാതഗതം പുനസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."