രക്ഷാപ്രവര്‍ത്തന നേതൃത്വത്തില്‍ എം.എല്‍.എ ഷംസുദ്ദീനും
മണ്ണാര്‍ക്കാട്: ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നേരിട്ടെത്തി. കനത്ത മഴയിലും, മലയിടിച്ചിലിലും തകര്‍ന്ന വീടുകളും, കൃഷി നാശം സംഭവിച്ച സ്ഥലങ്ങളും എം.എല്‍.എ സന്ദര്‍ശിച്ചു.
മുക്കണ്ണത്ത് ഹോളോ ബ്രിക്‌സ് യൂണിറ്റില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് എം.എല്‍.എ നേരിട്ടെത്തിയാണ് നേതൃത്വം നല്‍കിയത്. മണ്ണാര്‍ക്കാട് പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളും കോല്‍പ്പാടത്തെ അയ്യപ്പ ക്ഷേത്രത്തിലുണ്ടായ നാശ നഷ്ടങ്ങളും അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ എത്തി വിലയിരുത്തി. അട്ടപ്പാടിയിലെ സംഭവ വികാസങ്ങളും പൊലീസ്, റവന്യു, പഞ്ചായത്ത്, ജനപ്രതിനിധികളോട് ഇടക്കിടെ ചോദിച്ചറിയുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പ്രകൃതി ക്ഷോഭത്തില്‍ നാശം സംഭവിച്ച വീടുകള്‍ ഉടനെ പുനരുദ്ധാരണം നടത്താന്‍ ആവശ്യമായ ധനസഹായം അനുവദിക്കണമെന്ന് എം.എല്‍.എ ഷംസുദ്ദീന്‍ റവന്യ മന്ത്രി ചന്ദ്രശേഖരനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. അട്ടപ്പാടിയും, മണ്ണാര്‍ക്കാടും ദുരിത പൂര്‍ണ്ണമായ സാഹചര്യമാണുളളതെന്നും അടുത്ത കാലത്ത് ഒന്നും ഇത്രയധികം ദുരിതമുണ്ടായിട്ടില്ലെന്നും, ചുരം റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നും മന്ത്രിയോട് എം.എല്‍.എ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയുടെ പ്രത്യേക സഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചുമതല നല്‍കിയതായി എം.എല്‍.എയെ മന്ത്രി അറിയിച്ചു. എം.എല്‍.എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍, റവന്യു വകുപ്പ് ഉദ്ദ്യോഗസ്ഥര്‍, പൊലീസ് എസ്.ഐ ഷിജു എബ്രഹാം തുടങ്ങിയവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."