കുടുംബക്ഷേമ ഉപകേന്ദ്രം തകര്‍ച്ചയുടെ വക്കില്‍
പാവറട്ടി: പുതുമനശ്ശേരി പതിനഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ആരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രം തകര്‍ച്ചയുടെ വക്കില്‍. വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം ജീര്‍ണിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ പുതുമനശ്ശേരി ഉള്‍പ്പെടെ പാവറട്ടി, പൈങ്കണ്ണിയൂര്, വെന്മേനാട് എന്നിവിടങ്ങളിലായി നാല് സബ് സെന്ററുകളാണുള്ളത്. ജൂനിയര്‍ പബ്ലിക് നഴ്സ് തസ്തികയില്‍ ഒരു സ്റ്റാഫ് ആണ് പുതുമനശ്ശേരി സബ് സെന്ററില്‍ ഉള്ളത്.
വിവിധ കുത്തി വെപ്പുകള്‍, ഗര്‍ഭിണികള്‍ക്കുള്ള സേവനങ്ങള്‍ എന്നിവയാണ് ഇവിടെ നല്‍കുന്നത്. കെട്ടിടം തകര്‍ച്ചയുടെ ഭീഷണിയില്‍ ആയതോടെ പരിസരത്തെ വീടുകളില്‍ വച്ചാണ് നഴ്സിന്റെ സേവനം ലഭിക്കുന്നത്. ഗ്രാമ സഭയില്‍ വിഷയം ഉന്നയിക്കുകയും അറ്റകുറ്റ പണികള്‍ നടത്താന്‍ ആവശ്യം ഉയരുകയും ചെയ്തിരുന്നെങ്കിലും പരിഹാരമായില്ലെന്നും ഡി.എം.ഒക്ക് പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കെട്ടിടം പുതുക്കി പണിയുന്നതുമായി പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഒരുറപ്പും ലഭിച്ചിട്ടില്ല. തീരദേശവാസികളുള്പ്പെടെ നൂറു കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന സബ് സെന്റര്‍ ഉടന്‍ പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി പുതുമനശ്ശേരിയിലെ ഫെയ്സ് ബുക്ക് ഗ്രൂപ്പും യുവജന സംഘടനകളും നാട്ടുകാരുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."