പെണ്‍ക്കുട്ടിക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം
കോവളം: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 'പെണ്‍കുഞ്ഞിനൊരു പൊതിച്ചോറ്, പെണ്‍ക്കുട്ടിക്കൊരു കൈത്താങ്ങ് 'പദ്ധതിക്ക് നാളെ തുടക്കമാകും.
ഗ്രാമപഞ്ചായത്തില്‍ 2017 ജനുവരി ഒന്നിനും ആഗസ്റ്റ് 30നും മധ്യേ ജനിച്ച നൂറ്റി അറുപത്തിയെട്ട് പെണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സുകന്യ സമൃദ്ധിയോജന സമ്പാദ്യപദ്ധതിയില്‍ ആദ്യ നിക്ഷേപമായ 1000 രൂപ നല്‍കി തുടക്കമിടുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ഒരു പൊതിച്ചോറ് ശേഖരിക്കുന്നതാണ് പദ്ധതിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല പറഞ്ഞു. ഗ്രാമപഞ്ചായത്തിലേയും സമീപ പ്രദേശത്തേയും വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പെടെ അമ്പതോളം ഓഫിസുകളിലെ ജീവനക്കാരോട് ഒരു ദിവസം ഉച്ചഭക്ഷണത്തിന് ചെലവിടുന്ന 100 രൂപയാണ് പദ്ധതി സംഭാവനയായി ആവശ്യപ്പെടുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തില്‍ വീടുകളില്‍നിന്ന് സമാഹരിക്കുന്ന പൊതിച്ചോറ് ഗ്രാമപഞ്ചായത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്ഥാപനങ്ങളില്‍ നല്‍കി തുക സ്വീകരിക്കുന്നതാണ് പദ്ധതി.
19,22,26 തിയതികളിലാണ് പൊതിച്ചോര്‍ ശേഖരിക്കുന്നത്. പദ്ധതി ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയില്‍ സുകന്യാ പദ്ധതിക്കായി കണ്ടെത്തേണ്ട 1,68,000 രൂപയാണ് ഇതുവഴി ശേഖരിക്കാനും 1000 പൊതിച്ചോറിലൂടെ ഒരു ലക്ഷം രൂപയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. ബാലസൗഹൃദ സന്ദേശഭരണ പ്രാരംഭപ്രവര്‍ത്തനത്തിന് തുടക്കമിടുന്ന 30ന് കുട്ടികള്‍ക്ക് ആദ്യനിക്ഷേപം അടച്ചതിന്റെ പാസ്സ് ബുക്ക് അമ്മമാര്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."