ഇരുമുന്നണികളും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; വേങ്ങരപ്പോരിന് ചൂട് കൂടി
മലപ്പുറം: ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഞായറാഴ്ച്ച പ്രഖ്യാപിച്ചെങ്കിലും ഇന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചത്. നേരത്തെ വള്ളിക്കുന്ന്, കൊണ്ടോട്ടി നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും എം.എല്‍.എയായി ഖാദര്‍ വിജയിച്ചിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പാരമ്പര്യമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിനുള്ളത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം കെ.എന്‍.എ ഖാദറിനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്. വേങ്ങരയില്‍ യു.ഡി.എഫ് ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ.എന്‍.എ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെയും ഉടനെ പ്രഖ്യാപിക്കും. തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരുമുന്നണികളും കണ്‍വെന്‍ഷനുകള്‍ നിശ്ചിയിച്ചിട്ടുണ്ട്. 20ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് വേങ്ങര പത്തുമൂച്ചിക്കല്‍ സുബൈദ പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.പി. തങ്കച്ചന്‍, എം.പി. വീരേന്ദ്രകുമാര്‍ എം.പി, ആര്യാടന്‍ മുഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍വഹാബ് എം.പി, എം.ഐ. ഷാനവാസ് എം.പി, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, ജി. ദേവരാജന്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
എല്‍.ഡി.എഫ് വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ വ്യാഴാഴ്ച്ച ചേരും. വേങ്ങര എപിഎച്ച് ഓഡിറ്റോറിയത്തില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
വേങ്ങര മണ്ഡലത്തില്‍ യു.ഡി.എഫിനു തലവേദനയായിരുന്ന പ്രാദേശിക കോണ്‍ഗ്രസ്, ലീഗ് തര്‍ക്കങ്ങള്‍ക്ക് ഏറെക്കുറേ പരിഹരിച്ച ആശ്വാസത്തിലാണ് യു.ഡി.എഫ്. ദിവസങ്ങളായി നിലനിന്നിരുന്ന തര്‍ക്കം നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടന്ന ചര്‍ച്ചകളിലൂടെയാണ് പരിഹാരമായത്. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലേയും പിണക്കളെല്ലാം തീര്‍ന്നതായാണ് നേതാക്കള്‍ പറയുന്നത്. കണ്ണമംഗലത്ത് യു.ഡി.എഫ് നേതാക്കള്‍ ചേര്‍ന്നെടുത്ത ധാരണ പ്രകാരം മുസ്‌ലിം ലീഗ് അംഗം പൂക്കുത്ത് മുജീബ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കുന്നതിനു വേണ്ടിയായിരുന്നു രാജി. മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കണ്ണമംഗലത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ വേങ്ങരയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നത്തലയും അടക്കമുളള മുഴുവന്‍ നേതാക്കളേയും പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."