നരോദ പാട്യ കൂട്ടക്കൊല: കോട്നാനി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അമിത് ഷാ
അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊല നടക്കുന്ന സമയത്ത് മുന്‍മന്ത്രി മായ കോട്നാനി സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കോടതിയില്‍ മൊഴി നല്കി. സംഭവം നടന്ന ഫെബ്രുവരി 28ന് 8.30 മുതല്‍ 9.30 വരെ കോട്നാനി നിയമസഭയില്‍ ഉണ്ടായിരുന്നു. 9.45ന് താന്‍ കോട്നാനിയെ സിവില്‍ ആശുപത്രയില്‍ വെച്ച് കണ്ടിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലാണ് ഷാ മൊഴി നല്‍കിയത്.
പ്രതിഭാഗം സാക്ഷിയായാണ് ഷാ കോടതിയില്‍ ഹാജരായത്. മുന്‍ ഗുജറാത്ത് മന്ത്രിയും നരോദപാട്യ കൂട്ടക്കൊല കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച കേസിലെ മുഖ്യപ്രതിയുമായ മായ കോട്നാനിയുടെ അഭിഭാഷകന് നല്കിയ അപേക്ഷ പരിഗണിച്ചാണ് കോടതി അമിത് ഷായോട് ഹാജരാകന്‍ ആവശ്യപ്പെട്ടത്. കോട്നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിനായിരുന്നു ഇത്.
കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദഗാമില്‍ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാന്‍ മായ കോട്നാനി അനുമതി തേടിയിരുന്നു. ഇവരിലൊരാളാണ് അമിത് ഷാ. അക്രമം നടക്കുമ്പോള്‍ താന്‍ അമിത്ഷായൊടൊപ്പം ആശുപത്രിയിലായിരുന്നുവെന്നാണ് കോട്നാനി മൊഴി നല്‍കിയത്.
നരോദ പാട്യയില്‍ 95 പേരുടെ കൂട്ടക്കൊലക്ക് മായ കോട്നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യആസൂത്രകയാണ് മായാ കോട്നാനി. 30 പുരുഷന്മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്.
കേസില്‍ 28 വര്‍ഷത്തേക്കാണ് ഇവരെ കോടതി ശിക്ഷിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."