വേണമെങ്കില്‍ തേങ്ങയും വേരില്‍ കായ്ക്കും
ആലക്കോട്: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ രണ്ടു വയസുള്ള തെങ്ങിന്‍തൈയുടെ വേരില്‍ തേങ്ങ കായ്ച്ചതിന്റെ ആഹ്ലാദത്തിലാണ് ചാണോക്കുണ്ട് കരിവേടന്‍കുണ്ടിലെ തെക്കേതൊടിയില്‍ ദേവസ്യ എന്ന കര്‍ഷകന്‍. രണ്ടു വര്‍ഷം മുമ്പാണ് കൃഷിഭവനില്‍ നിന്നു ലഭിച്ച ടി ഇന്റു ഡി ഇനത്തില്‍പെട്ട തെങ്ങിന്‍തൈ ദേവസ്യ തന്റെ കൃഷിയിടത്തില്‍ നട്ടത്. മുന്‍പുണ്ടായിരുന്ന തെങ്ങിന്‍ തൈ നശിച്ചുപോയതോടെ അതേകുഴിയില്‍ മറ്റൊരെണ്ണം കൂടി നടുകയായിരുന്നു.
രണ്ടേക്കറോളം വരുന്ന കൃഷിയിടത്തില്‍ പൂര്‍ണമായും ജൈവ രീതിയിലാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. അന്‍പതോളം തെങ്ങുകള്‍ ഈകാലയളവില്‍ നട്ടിരുന്നെങ്കിലും അവയെല്ലാം ഇപ്പോഴും തൈകളായി തന്നെ നില്‍ക്കുകയാണ്. വര്‍ഷങ്ങളായി കാര്‍ഷികരംഗത്ത് സജീവമായുള്ള ദേവസ്യക്ക് നവ്യാനുഭവമാണ് കുഞ്ഞന്‍ തെങ്ങ് സമ്മാനിച്ചിരിക്കുന്നത്. അഞ്ചടി പോലും ഉയരമില്ലാത്ത തെങ്ങിന്‍ തൈയില്‍ ചൊട്ട വരികയോ പൂക്കുല ഉണ്ടാവുകയോ ചെയ്യാതെയാണ് തേങ്ങ കായ്ചിരിക്കുന്നത്. സാധാരണ തേങ്ങയുടെ വലിപ്പമുണ്ടെങ്കിലും പകുതി ഭാഗം മണ്ണിനടിയിലാണ്. കുഞ്ഞന്‍ തെങ്ങ് സമ്മാനിച്ച തേങ്ങ കാണാന്‍ നിരവധി ആളുകളാണ് ദേവസ്യയുടെ കൃഷിയിടത്തില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."