മാധ്യമ ഭാഷയിലെ ഭീകര സാന്നിധ്യം
“ Not all Muslims are terrorists, but all terrorists are Muslims.' മുസ്‌ലിംകളെല്ലാം ഭീ കരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ്‌ലിംകളാണ്.
വാര്‍ത്താമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു പ്രസ്താവനയാണിത്. വലിയ പക്ഷപാതിത്വവും സങ്കുചിതത്വവും പ്രകടിപ്പിക്കാത്ത ആളുകള്‍ പോലും അനുഭാവപൂര്‍വം പ്രസ്താവനയെ കാണുകയും ഇതൊരു അംഗീകൃത സത്യമായി സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെ മാരകവും അപകടകരവുമായ ഈ പ്രസ്താവനയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കുന്നതിലൂടെ വസ്തുതകളെ വിദഗ്ധമായി വളച്ചൊടിച്ചു ശുദ്ധഗതിക്കാരായ പ്രേക്ഷകരെയും അനുവാചകരെയും വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന യാഥാര്‍ഥ്യം കാണാതിരുന്നു കൂടാ.
മേല്‍ പ്രസ്താവനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഇതില്‍ ആദ്യഭാഗം മുസ്‌ലിംകള്‍ക്ക് കൂടി സ്വീകാര്യമാണെന്ന വ്യാജേന അവരെക്കൊണ്ട് സമ്മതിപ്പിക്കാന്‍ എളുപ്പമാണ്. ചുളുവില്‍ രണ്ടാമത്തെ ഭാഗവും അനിഷേധ്യ വസ്തുതയാക്കി അംഗീകരിപ്പിക്കാനാണ് ശ്രമം. ഇവിടെ ഒന്നാം ഭാഗം തന്നെ വസ്തുതാപരമല്ലെന്ന കാര്യം മനസിലാക്കേണ്ടതുണ്ട്. മുസ്‌ലിംകളല്ലാം ദീകരവാദികളല്ലെന്നു പറയുമ്പോള്‍ വ്യംഗ്യമായി മുസ്‌ലിംകളില്‍ ചിലര്‍ ഭീകരവാദികളാണെന്ന സമര്‍ഥനമുണ്ട്. മറ്റേത് മതത്തിലും പ്രത്യയശാസ്ത്രത്തിലും ഭീകരവാദികളുണ്ട് എന്നു പറയുമ്പോലെ ഒരു കേവല സത്യമാണെങ്കില്‍ പിന്നെ മുസ്‌ലിംകളിലേക്ക് മാത്രം ചേര്‍ത്തു ഭീകരതയെ എടുത്തുപറയുന്നതില്‍ എന്ത് പുതുമയാണുള്ളത്?
ഭീകരവാദികളുടെ മതം തിരഞ്ഞുപോകുന്നതിനു പകരം അവരെ ഭീകരവാദികള്‍ മാത്രമായി കാണുന്നതാണ് ബുദ്ധി. അക്രമവും കൈയേറ്റവും നടത്തുന്നവര്‍ ഏതു മതക്കാരാണെന്നത് വിഷയമല്ല. അവരുടെ ചെയ്തികള്‍ പ്രസ്തുത മതത്തിന്റെ പ്രേരണയിലോ അനുമതിയിലോ ആണെന്ന് കരുതുന്നതും ന്യായമല്ല. ഇവിടെ ധാരാളം മോഷ്ടാക്കളുണ്ട്. വ്യഭിചാരികളുണ്ട്. ഗുണ്ടകളുണ്ട്. അഴിമതിക്കാരുണ്ട്. അവരെല്ലാം ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടവരായിരിക്കും. എന്നുവച്ച് അവരെ നാം മുസ്‌ലിം മോഷ്ടാവ്, ക്രിസ്ത്യന്‍ വ്യഭിചാരി, ഹൈന്ദവ ഗുണ്ട എന്ന് ഇനം തിരിക്കാറുണ്ടോ?
പിന്നെ തീവ്രവാദിയും ഭീകരവാദിയും മാത്രം എന്തുകൊണ്ട് മതത്തിന്റെ പേരില്‍ മുദ്രകുത്തപ്പെടുന്നു? അത് തന്നെ എന്തുകൊണ്ട് ഒരു പ്രത്യേക മതത്തിന്റെ പേരില്‍ മാത്രം ചാര്‍ത്തപ്പെടുന്നു? ആലോചിക്കേണ്ട വിഷയമാണ്. ഇതിന്റെ പിന്നിലെ ശക്തവും വ്യാപകവുമായ ഗൂഢനീക്കങ്ങള്‍ കാണാതിരുന്നു കൂടാ.
മുസ്‌ലിംകളെല്ലാം ഭീകരരല്ലെന്ന് സമ്മതിച്ചതരുന്നത് തന്നെ എന്തോ മുസ്‌ലിംകളോട് കാട്ടുന്ന വലിയ സൗമനസ്യം പോലെയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. സത്യത്തില്‍ ആഗോളതലത്തിലും ദേശീയതലത്തിലും പ്രാദേശിക തലത്തിലൊന്നും ഭികരതയെ മുസ്‌ലിംകളിലേക്ക് മാത്രം ചേര്‍ത്തുപറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. പക്ഷേ, മാധ്യമങ്ങള്‍ ആസൂത്രിതമായി തമസ്‌കരണവും തിരസ്‌കരണവും വക്രീകരണവും കൊണ്ട് കെട്ടിപ്പടുത്ത വ്യാജ ഇമേജ് മാത്രമാണിത്.
വര്‍ത്തമാനകാലത്ത് പല രാജ്യങ്ങളിലും പല തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അവയെല്ലാം അപലപനീയമാണ്. എന്നാല്‍, അവയില്‍ മുസ്‌ലിം നാമധാരികള്‍ മുന്നിലുള്ള സംഭവങ്ങള്‍ക്ക് ലഭിക്കുന്ന ഗൗരവവും പൊതു ശ്രദ്ധയും എന്തുകൊണ്ട് മറ്റു മതക്കാര്‍ പ്രതിസ്ഥാനത്തുള്ള സംഭവങ്ങള്‍ക്ക് ലഭിക്കുന്നില്ല? Dean Ubeidallah എന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം സ്ഥിതി വിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞ 5, 6 വര്‍ഷങ്ങള്‍ക്കിടയില്‍ യൂറോപ്പില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ രണ്ടു ശതമാനം മാത്രമാണ് മതകീയ പശ്ചാത്തലത്തിലുള്ള ആക്രമണമെന്നും മറ്റുള്ളതെല്ലാം വിഘടനവാദികളും വംശീയവാദികളും മറ്റും നടത്തിയ കുറ്റകൃത്യമാണെന്നും Europol (European Union’s Law Enforcement Agency) കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു.
അമേരിക്കയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 1980 മുതല്‍ 2005 വരെ നടന്ന ഭീകരാക്രമണങ്ങളുടെ കണക്കുകള്‍ പരിശോധിച്ച FBl, ഇതില്‍ 94 ശതമാനം സംഭവങ്ങള്‍ക്കു പിന്നിലും മുസ്‌ലിമേതര വിഭാഗങ്ങളാണെന്ന് വ്യക്തമാക്കി. പ്രധാനമായും തീവ്രവലതുപക്ഷമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. പക്ഷേ, അക്കാര്യം മീഡിയകള്‍ക്ക് വിഷയമാകുന്നില്ല.
2011ല്‍ നോര്‍വേയില്‍ ആന്റര്‍സ് ബ്രീവിക് എന്ന ക്രിസ്ത്യന്‍ യുവാവ് നടത്തിയ കൂട്ടക്കൊലയില്‍ 77 പേര്‍ മരിച്ചു വീണു. യൂറോപ്പിനെ പിടിച്ചുകുലുക്കിയ ഈ സംഭവത്തിന് തന്നെ പ്രേരിപ്പിച്ചത് മുസ്‌ലിംവിരുദ്ധ, കുടിയേറ്റ വിരുദ്ധ, ക്രിസ്ത്യന്‍ അനുകൂല വികാരമാണെന്ന് തുറന്നുപറഞ്ഞ സംഭവം പോലും അര്‍ഹിക്കുന്ന ഗൗരവത്തില്‍ ചര്‍ച്ചയായില്ല. എന്നാല്‍, പ്രതിസ്ഥാനത്ത് ഒരു അറബ് വംശജനോ മുസ്‌ലിം നാമധാരിയോ ആണെങ്കില്‍ അതിന് വന്‍ കവറേജ് ലഭിക്കുന്നു. യൂറോപ്പിന് ഭീഷണിയായി ഇസ്‌ലാമും മുസ്‌ലിംകളും തുറിച്ചുനോക്കുകയാണെന്ന് ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍ക്ക് ഹരം.
സ്വന്തം തട്ടകത്തില്‍ തങ്ങള്‍ അന്യരാല്‍ ആക്രമിക്കപ്പെടുന്നുവെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ പ്രേക്ഷകരില്‍നിന്ന് ലഭിക്കുന്ന അനുകമ്പാമനഃസ്ഥിതി മുതലെടുക്കാനാണിവര്‍ക്ക് താല്‍പ്പര്യം. ഇന്ത്യയിലും ഈ രീതി മാധ്യമങ്ങള്‍ക്ക് ഭൂഷണമായി വരുന്നു.
സപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയിലുണ്ടായ ഭീകരാക്രമണങ്ങള്‍ മിക്കതും മുസ്‌ലിംകള്‍ക്കെതിരേയായിരുന്നു. മതകീയവും വംശീയവുമായ വിദ്വേഷത്തിന്റെ ഇരയായി നിരവധി ഏഷ്യന്‍ വംശജരും അറബ് മുസ് ലിംകളും പീഡിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, അതൊന്നും സാമാന്യവല്‍ക്കരിച്ച് ഒരു സമുദായത്തിന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്നില്ല.
ഇനി ചരിത്രത്തിലൂടെ നോക്കിയാലും ലോകത്തെ നടുക്കിയ പ്രധാന സംഭവങ്ങളിലൊന്നും വാദിയോ പ്രതിയോ മുസ്‌ലിംകളല്ല. ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയദ്ധവും ഇസ്‌ലാമുമായി ബന്ധപ്പെടുന്നില്ല. ലക്ഷക്കണക്കിനു മനുഷ്യര്‍ മരിച്ചുവീണ ഈ യുദ്ധ പരമ്പരകളൊന്നും മതത്തിന്റെ പേരില്‍ പോലുമല്ല. വിയറ്റ്‌നാമില്‍ നടന്ന യുദ്ധവും മുസ്‌ലിംകളുടെ അക്കൗണ്ടില്‍ വരില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കാന്‍ അമേരിക്കയ്ക്ക് പ്രചോദനം നല്‍കിയത് മുസ്‌ലിംകളല്ല.
മധ്യപൗരസ്ത്യ ദേശത്ത് ഭീകരവാദത്തിനു വിത്ത് പാകിയത് ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഏകപക്ഷീയ നടപടിയാണ്. ഫലസ്തീനിന്റെ മണ്ണില്‍ നിയമാനുസൃതം താമസിച്ചു വരുന്ന ലക്ഷക്കണക്കിന് അറബികളെ ജന്‍മനാട്ടില്‍ നിന്ന് ആട്ടിയോടിച്ച് ഇസ്രാഈല്‍ എന്ന ജൂതരാജ്യം അനധികൃതമായി അവിടെ സ്ഥാപിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഒത്താശ ചെയ്തു കൊടുത്തു. തുടര്‍ന്ന് അന്യായമായ ഈ അധിനിവേശത്തിനെതിരേ നിരന്തരമായ ചെറുത്തു നില്‍പ്പ് ഫലം കാണാതെ നിരാശരായ ഏതാനും അറബ് യുവാക്കള്‍ സ്വയം ചാവേറായി പൊട്ടിത്തെറിക്കാന്‍ തുടങ്ങി. നിരാശയും നിസ്സഹായതയുമാണ് അവരെ അത്തരമൊരു നീക്കത്തിലേക്ക് വലിച്ചിഴച്ചത്. ഫലസ്തീനികളുടെ ആവശ്യം ന്യായമായിരുന്നിട്ട് കൂടി ആഗോള സമൂഹമോ അന്തര്‍ദേശീയ വാദികളൊ അവരുടെ സഹായത്തിനെത്തിയില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ തങ്ങള്‍ സ്വന്തം നാട്ടില്‍ ശത്രുവിന്റെ വെടിയേറ്റ് പിടഞ്ഞുവീഴുന്നതിലും ഭേദം ശത്രുക്കള്‍ക്ക് നാശം വരുത്തി സ്വയം ഒടുങ്ങുകയാണെന്ന് അവര്‍ കണ്ടെത്തി. അങ്ങനെയാണ് ലോകം ചാവേര്‍ ആക്രമണങ്ങള്‍ പരിചയപ്പെടുന്നത്. ഇവിടെ അറബികള്‍ നടത്തിയ ഈ ആക്രമണങ്ങള്‍ മാത്രമേ അവര്‍ കണ്ടുള്ളൂ. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്ന് ചിന്തിക്കാന്‍ ആളുണ്ടായില്ല.
ഇന്ത്യയിലേക്ക് തിരിച്ചു വരാം. ഇവിടെ നടക്കുന്ന ഭീകരാക്രമണങ്ങളിലും മുസ്‌ലിം ഭീകരതയല്ല; മറ്റു പലതുമാണ് നിക്ഷ്പക്ഷമതികള്‍ക്ക് കാണാന്‍ കഴിയുക. 80കളില്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ ഖലിസ്ഥാന്‍ വാദവും അതിന്റെ കെടുതികളും സിഖ് സമൂഹത്തില്‍ നിന്ന് ഉടലെടുത്തതായിരുന്നു. 90കളില്‍ ശക്തി പ്രാപിച്ച കശ്മിര്‍ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ രാഷ്ട്രീയവും വിഘടനവാദ പരവുമായ മാനങ്ങളാണുള്ളത്. നിലവില്‍ ഇന്ത്യയില്‍ വലിയ വെല്ലുവിളിയുയര്‍ത്തുന്ന മാവോയിസ്റ്റ് ഭീകരാക്രമണങ്ങള്‍ക്ക് ഇസ്‌ലാം എന്തു പിഴച്ചു? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്വയംഭരണ വാദങ്ങള്‍ എത്രയോ കെടുതികള്‍ ഇന്ത്യക്ക് സമ്മാനിച്ചു. കാല്‍ നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ശ്രീലങ്കയിലെ തമിഴ് വംശീയ പ്രശ്‌നം എത്ര ഭീകരകൃത്യങ്ങളില്‍ കലാശിച്ചു? മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ ബുദ്ധമതാനുയായികളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ഭീകരതാണ്ഡവങ്ങളും മുസ്‌ലിം ഭീകരതയുടെ പട്ടികയില്‍ പെടുത്തുമോ? ബോസ്‌നിയയില്‍ സെര്‍ബ് ഭീകരര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നടത്തിയതായി അന്തര്‍ദേശീയ കോടതി വരെ അംഗീകരിച്ച വംശീയ ഉന്‍മൂലനവും ഇസ്‌ലാമിന്റെ കണക്കിലാണോ വരിക?
ഇപ്പോള്‍ ഇന്ത്യയില്‍ ഉറഞ്ഞുതുള്ളുന്ന കാവിഭീകരതയ്ക്ക് ആരാണ് ഭീകരതയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്? അപ്പോള്‍ ഭീകരവാദികളെല്ലാം മുസ്‌ലിംകളാണെന്ന സാമാന്യവല്‍ക്കരണത്തിന് എന്ത് ന്യായമാണ്, ഏത് യുക്തിയാണ് പിന്‍ബലമേകുക? എന്ത് അസംബന്ധവും മുസ്‌ലിംകള്‍ക്കെതിരിലായാല്‍ അണ്ണാക്ക് തട്ടാതെ വിഴുങ്ങാന്‍ മാത്രം പൊതുമനസ്സുകള്‍ ഇരുണ്ടു കഴിഞ്ഞുവെന്ന മിഥ്യാധാരണയില്‍ അഭിരമിക്കുകയാണോ നമ്മടെ മാധ്യമലോകം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."