നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ നാദിര്‍ഷ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി 25ലേക്ക് മാറ്റി. കേസിലെ പങ്കിനെക്കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും നാദിര്‍ഷ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ഹരജി പരിഗണിച്ച ഹൈക്കോടതി നാദിര്‍ഷയ്ക്ക് കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കി മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി. കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പൊലിസ് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഈ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശമനുസരിച്ച് സെപ്റ്റംബര്‍ 15 ന് നാദിര്‍ഷ ഹാജരായെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
പിന്നീട് 17 ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. വൈദ്യപരിശോധനയ്ക്കു ശേഷമാണ് ചോദ്യം ചെയ്തതെന്നും നടപടിക്രമങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലിസ് നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
അറിയാവുന്ന പല കാര്യങ്ങളും നാദിര്‍ഷ മറച്ചു വെക്കുകയാണെന്നും പൊലിസ്പറയുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളടക്കമുള്ള നിര്‍ണായക കാര്യങ്ങളാണ് ചോദിച്ചത്. അനാരോഗ്യം നിമിത്തം നാദിര്‍ഷ അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുന്നതിനും പരിമിതികള്‍ ഉണ്ടായിരുന്നു.
പല വസ്തുതകളും മറച്ചു വെക്കുന്നുവെന്ന് ഉത്തരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്. മറ്റു വഴികളിലൂടെ സ്ഥിരീകരിച്ച വസ്തുതകളാണ് ഇവയില്‍ പലതും. നാദിര്‍ഷയുടെ മൊഴിയില്‍ പരിശോധന തുടരുകയാണ്. ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."