പരീക്ഷാസമ്പ്രദായം ഉടച്ചുവാര്‍ക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളാഭാഷാ പ്രാവീണ്യം ഉറപ്പുവരുത്തുന്നതില്‍ പി.എസ്.സിക്ക് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളഭാഷയ്ക്ക് പരീക്ഷയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. പി.എസ്.സിയില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് അവസരമുണ്ട്.
എന്നാല്‍, ഇവയൊന്നും കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ല. ഒപ്പം പരീക്ഷാസമ്പ്രദായത്തില്‍ 80 മാര്‍ക്കിനുള്ള ചോദ്യങ്ങളില്‍ 10 മാര്‍ക്കിന് എങ്കിലും ചോദ്യങ്ങള്‍ ഭാഷാപ്രാവീണ്യം ഉറപ്പുവരുത്താന്‍ ആയിരിക്കണം.
പരീക്ഷാസമ്പ്രദായത്തില്‍ സാമൂഹികപ്രതിബദ്ധതയും കാര്യക്ഷമതയും ഇല്ല. ഇതില്‍ മാറ്റം വരണമെന്നും സാമൂഹികമാറ്റത്തിനുതകുന്ന രീതിയില്‍ കാലോചിതമായി പരീക്ഷാസമ്പ്രദായം ഉടച്ചുവാര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പി.എസ്.സി എംപ്‌ളോയീസ് യൂനിയന്‍ 43ാം സംസ്ഥാന സമ്മേളനം എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുര്‍ബല വിഭാഗങ്ങളുടെ സര്‍വിസ് പ്രാതിനിധ്യം കുറയുന്നതായി കാണുന്നുണ്ട്. അത് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകള്‍ ആവശ്യമാണ്.
പബ്ലിക് സര്‍വീസ് എന്ന സങ്കല്‍പം ഒട്ടേറെ ജനകീയ മുന്നേറ്റങ്ങളുടെ സൃഷ്ടിയാണ്. മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം എന്നിവ എടുത്തുപറയേണ്ട മുന്നേറ്റങ്ങളാണ്.
മൂല്യാധിഷ്ഠിത സര്‍വിസ് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ആശയമാണ്. അതിന് ആദ്യം ഒരുങ്ങേണ്ടത് പി.എസ്.സിയാണ്. കാര്യക്ഷമതയും സാമൂഹികപ്രതിബദ്ധതയുമുള്ള യുവാക്കളെ തിരഞ്ഞെടുത്തു നല്‍കാന്‍ പി.എസ്.സിക്കു സാധിക്കണം. ഇപ്പോള്‍ ഓര്‍മശക്തി പരിശോധന മാത്രമാണു നടക്കുന്നത്. ഏതെങ്കിലും പരിശീലനകേന്ദ്രത്തില്‍ പോയി പഠിച്ചാല്‍ ആര്‍ക്കും പരീക്ഷ എഴുതിയെടുക്കാവുന്നതേയുള്ളൂ എന്ന രീതി മാറണം. ഒബ്ജക്ടീവ് മാതൃകയ്ക്ക് താന്‍ എതിരല്ല. പക്ഷേ, ഉദ്യോഗാര്‍ഥിയുടെ വിജ്ഞാനനിലവാരം, മനോഭാവം, അഭിരുചി എന്നിവയ്‌ക്കൊപ്പം സാമൂഹികപ്രതിബദ്ധതയും കാര്യക്ഷമതയും പരീക്ഷിച്ചറിയണം. സാമൂഹികചരിത്രം അറിഞ്ഞില്ലെങ്കില്‍ ഫയലുകളെ യാന്ത്രികമായി സമീപിക്കും. അപ്പോള്‍ മനുഷ്യത്വത്തിന് പ്രസക്തിയില്ലാതാകും. മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ ശമ്പളമാണ് വാങ്ങുന്നതെങ്കിലും പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് ആകെ നിയമനത്തിന്റെ ഒരു ശതമാനംപോലും അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യം വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം.
ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിയില്‍ കൊണ്ടുവരാനുള്ള നയം മാറ്റിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്.
പി.എസ്.സിയുടെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി എംപ്‌ളോയിസ് യൂനിയന്‍ പ്രസിഡന്റ് എസ്.ജയകുമാര്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."