24 മണിക്കൂറില്‍ ഡാമുകളില്‍ ഒഴുകിയെത്തിയത് 158 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളം
തൊടുപുഴ: 24 മണിക്കൂറില്‍ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് 158 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളം. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന പ്രതിദിന നീരൊഴുക്കാണിത്.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലാണ് ഇത്രയും വെള്ളം ഒഴുകിയെത്തിയത്. 159.64 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണ് ഒറ്റദിവസം കൊണ്ട് എത്തിയത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു കഴിഞ്ഞ ദിവസം കേരളം വൈദ്യുതി വാങ്ങിയ യൂനിറ്റ് വിലയായ 9.90 വച്ച് കണക്കുകൂട്ടിയാല്‍ 1,580,475,600 രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. കേരളം വൈദ്യുതി വില്‍ക്കുന്ന നാല് രൂപാ വച്ച് കൂട്ടിയാല്‍ തന്നെ 638,576,000 രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമുണ്ട്.
ഇടുക്കി അണക്കെട്ടില്‍ മാത്രം 53.9 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 106.4 മി.മീ റെക്കോഡ് മഴ രേഖപ്പെടുത്തി. 2013 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 230 മി.മീ മഴയാണ് ഇതിന് മുന്‍പത്തെ പ്രതിദിന ഉയര്‍ന്ന മഴ. അണക്കെട്ടിലെ ജലനിരപ്പ് 2.86 അടി ഉയര്‍ന്ന് 2358.95 അടിയിലെത്തി. സംഭരണശേഷിയുടെ 53 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്.
മാട്ടുപ്പെട്ടി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്തത് കഴിഞ്ഞ 5 വര്‍ഷത്തെ ഉയര്‍ന്ന മഴയാണ്. 300 മി.മീ. ഇടമലയാര്‍ 112.6, ഷോളയാര്‍ 133, തര്യോട് 188, കുറ്റ്യാടി 80, ആനയിറങ്കല്‍ 188, പൊന്മുടി 97, നേര്യമംഗലം 121, ലോവര്‍ പെരിയാര്‍ 196, പമ്പ 56, കക്കി 51 മി.മീ. എന്നിങ്ങനെയാണ് വിവിധ പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴ. 2475.475 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 238.85 ദശലക്ഷം യൂനിറ്റ് അധികമാണിത്. വൈദ്യുതി ബോര്‍ഡിന്റെ ഗ്രൂപ്പ് ഒന്നില്‍പെട്ട വന്‍കിട അണക്കെട്ടുകള്‍ 57 ശതമാനം നിറഞ്ഞു കഴിഞ്ഞു. ഗ്രൂപ്പ് രണ്ടിലെ ഇടത്തരം അണക്കെട്ടുകള്‍ 78 ശതമാനവും ഗ്രൂപ്പ് മൂന്നിലെ ചെറുകിട അണക്കെട്ടുകള്‍ 99 ശതമാനവും നിറഞ്ഞു. ഷോളയാര്‍, പൊരിങ്ങല്‍കുത്ത്, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ 100 ശതമാനം നിറഞ്ഞു.
സമീപകാല ചരിത്രത്തിലെ താഴ്ന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ഇതും കെ.എസ്.ഇ.ബി ക്ക് നേട്ടമായി. 53.268 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 37.481 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളില്‍ നിന്നും 15.78 ദശലക്ഷം ആഭ്യന്തര ഉത്പ്പാദനവുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."