ഹാദിയ കേസില്‍ വനിതാ കമ്മിഷന്‍: സുപ്രിംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രിംകോടതി ആവശ്യപ്പെട്ടാല്‍ ഇതുസംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു.
പെണ്‍കുട്ടി സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മിഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരുടേതിന് പുറമെ വിവിധ മഹിളാ സംഘടനകളുടെ ഹരജികളും ഉണ്ട്.
മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കമ്മിഷന്റെ ശ്രദ്ധയിലുണ്ട്. കഴിഞ്ഞ ദിവസം ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ ഒപ്പിട്ട ജനകീയ ഹരജിയും ലഭിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് വേണ്ടി അനുയോജ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് ഹരജികളിലെ ആവശ്യം.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വനിതാ കമ്മിഷന് പരിമിതികളുണ്ട്.
വിശ്വാസമാറ്റത്തിന്റെ വേളയില്‍ ഹാദിയക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച കോടതി, വിവാഹശേഷമാണ് രക്ഷാകര്‍ത്താക്കളുടെ ആശങ്ക പരിഗണിച്ച് സംരക്ഷണം അവരെ ഏല്‍പ്പിച്ചത്. എന്നാല്‍ വീടിനുള്ളില്‍ ഏതുതരത്തിലുള്ള അവകാശ നിഷേധങ്ങള്‍ അനുഭവിക്കുന്നുവെന്ന് കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ ഹാദിയക്ക് അവസരം വരും.
രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് നീതിനിഷേധം ഉണ്ടായെന്ന് ബോധ്യപ്പെടുന്ന പക്ഷം അതിന് അനുസൃതമായ നടപടികളും ഉണ്ടാവും. ഈ സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് വിഘാതമാകാത്ത തരത്തില്‍ മാത്രമേ കേരള വനിതാ കമ്മിഷന് ഇടപെടല്‍ സാധ്യമാകൂവെന്നും അവര്‍ പറഞ്ഞു.
അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഇക്കാര്യത്തില്‍ വനിതാ കമ്മിഷന്‍ വസ്തുതാന്വേഷണം നടത്തുന്നുണ്ട്. സുപ്രീംകോടതി ആവശ്യപ്പെടുന്നപക്ഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നും ജോസഫൈന്‍ പറഞ്ഞു. സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാതെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി നിലവിലെ നിയമസംവിധാനങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്കനുസരിച്ച് വനിതകളുടെ അവകാശങ്ങളോട് ശരിയായ സമീപനങ്ങളുണ്ടാകണം. ഇതിനാവശ്യമായ ജാഗ്രത പുലര്‍ത്താന്‍ എല്ലാ വിഭാഗം സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ജോസഫൈന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."