പുതിയ ഭീഷണിയുമായി മരിയ എത്തുന്നു: ചുഴലിക്കാറ്റ് ഒഴിയാതെ കരീബിയന്‍ ദ്വീപുകള്‍
സാന്‍ ജുവാന്‍: കരീബിയന്‍ ദ്വീപ് സമൂഹങ്ങളെ തകര്‍ത്തെറിഞ്ഞ ഇര്‍മക്കും ഹോസെക്കും പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നു. പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ കഴിഞ്ഞ ശനിയാഴ്ച രൂപംകൊണ്ട കാറ്റാണ് ഇന്നു രാത്രിയും നാളെയുമായി ശക്തിയുള്ള ചുഴലിക്കാറ്റായി ആഞ്ഞുവീശുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
ഇര്‍മ അമേരിക്കയുടെ തെക്കന്‍ തീരങ്ങളിലേക്കു നീങ്ങിയ ശേഷം വന്ന ഹോസെയും ഒരു പരിധി വരെ ശമിച്ചതിനു ശേഷമാണു പുതിയ അപകടഭീഷണി ഉയര്‍ത്തി മരിയ എത്തുന്നത്. ലീവേഡ്, പ്യൂര്‍ട്ടോറിക്കോ ദ്വീപുകളില്‍ ആഞ്ഞുവീശിയ ശേഷം ഡൊമിനിക്കന്‍ റിപബ്ലിക്കിലും അടുത്ത ദിവസങ്ങളില്‍ മരിയ നാശം വിതക്കുമെന്ന് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.
ലെസ്സര്‍ ആന്റില്ലേസ് ദ്വീപ്‌സമൂഹങ്ങളില്‍നിന്ന് 740 കി.മീറ്റര്‍ അകലെ അറ്റ്‌ലാന്റികിന്റെ ദക്ഷിണ-പൂര്‍വ മേഖലയിലാണ് മരിയ രൂപംകൊണ്ടത്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി മരിയ വീശിത്തുടങ്ങിയിട്ടുണ്ട്. ഇതു മണിക്കൂറില്‍ 65 കി.മീറ്റര്‍ വേഗതയിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയാണ് മരിയ കൂടുതല്‍ ശക്തിപ്രാപിച്ചത്.
നിലവില്‍ മരിയ കാറ്റഗറി രണ്ടിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയും പകലുമായി വിവിധ ദ്വീപുകളില്‍ എത്തുമെന്നാണ് യു.എസ് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. ഇര്‍മ സഞ്ചരിക്കുന്ന അതേ രീതിയില്‍ തന്നെയാണ് മരിയയുടെയും ഗതി. നേരത്തെ ഇര്‍മ നാശം വിതച്ച സെന്റ് മാര്‍ട്ടിന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പ്യൂര്‍ട്ടോ റിക്കോ, സെന്റ് ബാര്‍ട്ട്‌സ്, സബാ, ആംഗ്വില്ല എന്നിവിടങ്ങളിലാണ് കാറ്റ് ഏറെ ദുരിതം വിതയ്ക്കുമെന്നു കരുതപ്പെടുന്നത്. ഇവിടെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ഡൊമിനിക്ക, സെന്റ്. കിറ്റ്‌സ്, ഗ്വാഡ്‌ലൂപെ, നെവിസ്, മാര്‍ട്ടിനിക്വ തുടങ്ങിയ ദ്വീപുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കരീബിയന്‍ ദ്വീപുകള്‍ കടന്ന് അമേരിക്കയുടെ തെക്കന്‍ തീരപ്രദേശമായ ഫ്‌ളോറിഡയിലും കാറ്റ് എത്തുമെന്നാണു വിലയിരുത്തല്‍. ഇവിടെ എത്തുമ്പോഴേക്കും കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കി.മീറ്റര്‍ ആകുമെന്നാണു പ്രവചനം. ഇത് വീണ്ടും അമേരിക്കയെ ആശങ്കയിലാഴ്ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."