ഉപരോധങ്ങള്‍ ആണവപരീക്ഷണം വേഗത്തിലാക്കും; പ്രകോപനവുമായി വീണ്ടും ഉ.കൊറിയ
പ്യോങ്‌യാങ്: ഉപരോധം പേടിച്ച് ആണവ പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നു വ്യക്തമാക്കി വീണ്ടും ഉ.കൊറിയ. ഉ.കൊറിയയെ ലക്ഷ്യംവച്ച് കൊറിയന്‍ ആകാശത്ത് യു.എസ്-ദ.കൊറിയാ സൈന്യങ്ങള്‍ സംയുക്തമായി വ്യോമ പരിശീലനം നടത്തിയതിനു പിറകെയാണ് ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയുമായി രംഗത്തെത്തിയത്.
കൂടുതല്‍ ഉപരോധങ്ങളും സമ്മര്‍ദങ്ങളും തങ്ങളുടെ ആണവ പരീക്ഷണങ്ങളെ ത്വരിതപ്പെടുത്തുകയേ ഉള്ളൂവെന്നു മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളെയും മന്ത്രാലയം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഉപരോധം ഭീഭത്സവും ധാര്‍മികവിരുദ്ധവും മനുഷ്യത്വവിരുദ്ധമായ ശത്രുതയുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഉ.കൊറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പ്രസ്താവന പുറത്തുവിട്ടത്. അമേരിക്കയുടെയും മറ്റു ശക്തികളുടെയും നേതൃത്വത്തിലുള്ള ഉപരോധങ്ങള്‍ രാജ്യത്തിന്റെ ആണവശക്തി കൈവരിക്കുന്നതിലേക്കുള്ള വേഗത കൂട്ടുക മാത്രമേ ചെയ്യൂവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആഴ്ച തുടങ്ങാനിരിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാന വിഷയം ഉ.കൊറിയയുടെ ആണവ പരീക്ഷണമായിരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കെയാണു നിലപാട് വ്യക്തമാക്കി ഉ.കൊറിയ വീണ്ടും രംഗത്തെത്തിയത്. അമേരിക്കയുടെ സൈനികശക്തി കൈവരിക്കുന്നതു വരെ ആണവ പരീക്ഷണത്തില്‍നിന്നു പിന്നോട്ടില്ലെന്നു കഴിഞ്ഞ ദിവസം ഉ.കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."