പക്രന്തളം ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു
തൊട്ടില്‍പ്പാലം: കനത്തമഴയില്‍ പക്രന്തളം ചുരം റോഡില്‍ വീണ്ടും മണ്ണിടിഞ്ഞു. ചുരം റോഡിലെ രണ്ട്, നാല്, അഞ്ച് വളവുകളിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റൂട്ടില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
കഴിഞ്ഞ ദിവസം മൂന്ന്, അഞ്ച് വളവുകളില്‍ മണ്ണിടിഞ്ഞും നാലാം വളവില്‍ മരം വീണും മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് റോഡിന് കുറുകെയായി വീണ മരം പൊലിസും, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് മുറിച്ചുമാറ്റിയാണ് മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസം പുനസ്ഥാപിച്ചത്. വളവ് രണ്ടില്‍ കാവിലുംപാറ പഞ്ചായത്തിന്റെ അതിര് വേര്‍തിരിക്കുന്ന മതിലോടുകൂടിയാണ് മണ്ണിടിഞ്ഞു വീണത്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു മുതല്‍ ആറുകൂടിയ വളവുകളില്‍ ഇടിഞ്ഞുവീണ മണ്ണും കല്ലും യഥാസമയം നീക്കം ചെയ്യാത്തത് വലിയ പ്രയാസമാണ് ഇതു വഴി കടന്നുപോകുന്ന വാഹന യാത്രക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇടിഞ്ഞുവീണ് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും നാലാംവളവിലെ കല്ലും മണ്ണും ബന്ധപ്പെട്ടവര്‍ ഇതുവരെ നീക്കം ചെയ്യാത്ത നടപടിയില്‍ നാട്ടുകാര്‍ വാഴനട്ടു പ്രതിഷേധിച്ചു. മഴ ഇനിയും കനത്താല്‍ ചുരം ഭാഗങ്ങളില്‍ വ്യാപക മണ്ണിടിച്ചിലിന് സാധ്യത ഏറെയാണ്.
ഇത് താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഭാഗത്തെ താമസക്കാരും ഏറെ ഭീതിയോടെയാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."