പുറമേരിയില്‍ റോഡ് പുഴയായി
എടച്ചേരി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ പുറമേരിയില്‍ റോഡ് പുഴയായി. കരിങ്കല്‍ പാലം ചുണ്ടയില്‍ റോഡാണ് വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും ദുരിതം വിതച്ച് മീറ്ററുകളോളം നീളത്തില്‍ മഴവെള്ളം കെട്ടിക്കിടന്നത്. പുറമേരി, എടച്ചേരി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കരിങ്കല്‍ പാലം മുതല്‍ എടച്ചേരി ചുണ്ടയില്‍ വരെയുള്ള ഭാഗങ്ങളിലാണ് റോഡ് വെള്ളത്തിനടിയിലായത്.
ഇത് കാരണം പുറമേരിയില്‍ നിന്ന് എടച്ചേരി പഞ്ചായത്തിലെ ചുണ്ടയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കാല്‍നടയാത്രക്കാര്‍ക്ക് പോലും നടന്നു നീങ്ങാന്‍ കഴിയാത്ത വിധമാണ് മഴവെള്ളം ഒലിച്ചു വരുന്നത്. എടച്ചേരി ഭാഗത്ത് നിന്ന് പുറമേരിക്കും തിരിച്ചും ദിനംപ്രതി നൂറ്ക്കണക്കിനാളുകള്‍ വരുന്ന പാതയിലാണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചു വരുന്നത് സമീപത്തെ വീട്ടുകാര്‍ക്കും എറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റോഡിനിരുവശങ്ങളിലുമുള്ള ഓവുചാലുകള്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഉപയോഗശൂന്യമായതും വയലുകള്‍ ക്രമാതീതമായി മണ്ണിട്ട് നികത്തിയതുമാണ് കനത്ത തോതില്‍ വെള്ളം റോഡില്‍ കെട്ടിക്കിടക്കാന്‍ കാരണം. നാട്ടില്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓവുചാലുകള്‍ വൃത്തിയാക്കാത്തതിലും റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാത്തതിലും നാട്ടുകാര്‍ അമര്‍ഷത്തിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."