കിടപ്പുരോഗിയായ വയോധികയെ നാട്ടുകാര്‍ ആശുപത്രിയിലാക്കി
നാദാപുരം: രണ്ടു ദിവസമായി ഇടവേളയില്ലാതെ പെയ്തിറങ്ങിയ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മഴവെള്ളത്തിനിടെ അത്യാസന്ന നിലയില്‍ വീട്ടില്‍ കുടുങ്ങിയ പൊലിസ് സ്റ്റേഷന് സമീപം വാടക വീട്ടില്‍ കഴിയുന്ന മുത്താറിക്കുനി കുഞ്ഞിപ്പാത്തുവിനെ ഷിഫാ സെന്റര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
നിരാലംബയായ കുഞ്ഞിപ്പാത്തു സഹോദരി മറിയത്തോടൊപ്പമാണ് ഇവിടെ കഴിഞ്ഞിരുന്നത്. വാര്‍ധക്യ സഹജമായ അസുഖത്താല്‍ മേലാകെ വ്രണം വന്നു അഴുകിയ നിലയിലാണ് വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ കണ്ടത്. ജോലിയൊന്നുമില്ലാത്ത മറിയവും കുടുംബവും നാട്ടുകാരുടെ സഹായത്താലാണ് കഴിയുന്നത്. സ്വന്തമായ വീടില്ലാത്ത ഇവര്‍ ഇവിടെ വാടകക്ക് കഴിയുകയായിരുന്നു. ഇതിനിടയിലാണ് പരിസരത്തെ മറ്റു വീടുകള്‍ക്കൊപ്പം ഇവിടെയും വെള്ളം കയറിയത്.
സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന ഇവര്‍ നാട്ടുകാരുടെ കാരുണ്യം തേടുകയാണ്. ഇന്നലെ ഷിഫാ സെന്റര്‍ പ്രവര്‍ത്തകരായ കണേക്കല്‍ അബ്ബാസ്, മാത്തോട്ടത്തില്‍ ഹാരിസ്, എം.സി സുബൈര്‍, ശംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
പരിസരത്തുള്ള മുത്താറി താഴക്കുനി കണ്ണന്, ഇസ്മായില്‍, മമ്മു, നാണു, ജമീല, അസീസ്, കുഞ്ഞിവീട്ടില്‍ താഴക്കുനി മുസ്തഫ, ആണ്ടോളിത്താഴക്കുനി പൊക്കന്‍, ചന്ദ്രന്, സരസു, ലീല, കുമാരന് വെള്ളാമ്പള്ളി, താഴക്കുനി ദേവി, കണാരന്, ചോനാണ്ടി അയിശു, നടുവിലക്കണ്ടി കൈലാസം ഭാസ്കരന് എന്നിവരുടെ വീട്ടിലും വെള്ളം കയറി. എന്നാല്‍ രണ്ടു ദിവസമായി ദുരിതത്തില്‍ കഴിഞ്ഞിട്ടും റവന്യൂ വകുപ്പിലെ ആരും തന്നെ ഇവിടെ എത്തിയിരുന്നില്ല.
ചുറ്റുമുള്ള സ്ഥലങ്ങളിലെ താഴ്ന്ന സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങളും മതിലുകളും പണിതതാണ് വെള്ളപ്പൊക്കത്തിന് കാരണം.
ഇന്നലെ ഉച്ചയോടെ മഴ അല്‍പ്പം മാറിയതോടെ വെള്ളക്കെട്ടിന് ആശ്വാസമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."