ബിവറേജ് ഔട്ട്‌ലെറ്റ്: എം.എല്‍.എയുടെ നിലപാടിനെതിരേ യൂത്ത് ലീഗ് പ്രതിഷേധം
കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ ബിവറേജ് ഔട്ട്‌ലെറ്റ് തുറക്കണമെന്ന എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നിലപാടിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് സമീപത്തായിരുന്നു പ്രതിഷേധ സദസ്. എം.എല്‍.എ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
പുതിയങ്ങാടി കോയ റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് മുന്‍പ് നിലപാടെടുത്ത എം.എല്‍.എയുടെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനം അപഹാസ്യമാണെന്നു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.എം രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ധാരാളം യാത്രക്കാര്‍ എത്തുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ മദ്യഷാപ്പ് തുറക്കുന്നത് പാതകമാണ്. പിണറായി സര്‍ക്കാരിന്റെ അധഃപതനമാണ് മദ്യനയത്തില്‍ പ്രതിഫലിക്കുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.പി.എം ജിഷാന്‍ അധ്യക്ഷനായി. കേരള മദ്യനിരോധന സമിതി വനിതാ വിഭാഗം പ്രസിഡന്റ് ഒ.ജെ ചിന്നമ്മ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍, എ. സഫറി, എസ്.വി ഷൗലിക്ക്, കെ.പി ഷാക്കിര്‍, ഒ.വി അല്‍ത്താഫ്, ഷൗക്കത്ത് വിരുപ്പില്‍, റിഷാദ് പുതിയങ്ങാടി, ഫിറോസ് കോട്ടാംപറമ്പ്, നസീര്‍, ഇസ്മായില്‍, നിസാര്‍, അമീന്‍ സജീര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി. സുബൈര്‍ സ്വാഗതവും സി.വി അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."