കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം
മേപ്പാടി: മേപ്പാടി പഞ്ചായത്ത് പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിനായി 15 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടം മാസം 100 രൂപ വാടകക്ക് സ്വകാര്യ ലൈബ്രറിക്ക് നല്‍കാന്‍ നീക്കം.
ബി.ആര്‍.ജി.എഫ് ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടം പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രന്ഥശാലക്ക് നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം പൊതുസ്വത്ത് സ്വകാര്യസ്ഥാപനത്തിന് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മേപ്പാടി പഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി.
2010ല്‍ ബി.ആര്‍.ജി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിന് മേപ്പാടി ടൗണില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോപ്ലക്‌സിന്റെ മുകള്‍നിലയില്‍ നിര്‍മിച്ച കെട്ടിടം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള അക്ഷരം ഗ്രന്ഥശാല കൈയേറിയിരുന്നു.
ഇത് ഒഴിപ്പിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കുകയും ചെയ്തു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരേ അക്ഷരം ഗ്രന്ഥശാല കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കി. എന്നാല്‍ കോടതി പഞ്ചായത്തിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചത്.
കോടതി ഉത്തരവിന്റെ പിന്‍ബലത്തോടെ പഞ്ചായത്ത് കെട്ടിടം ഒഴിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായിരുന്നു കെട്ടിടം ഉപയോഗിച്ച് വരുന്നത്. പ്രതിപക്ഷവും ഉദ്യോഗസ്ഥരും എതിര്‍ത്തിട്ടും കെട്ടിടം അക്ഷരം ഗ്രന്ഥശാലക്ക് കൈമാറാനുള്ള നീക്കമാണ് പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്നത്. അഞ്ചുതവണ ഭരണസമിതി യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തി തീരുമാനം എടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗം ചേര്‍ന്ന് പ്രതിപക്ഷത്തിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും എതിര്‍പ്പിനെ മറികടന്ന് കെട്ടിടം തുഛമായ മാസവാടക്ക് അക്ഷരം ഗ്രന്ഥശാലക്ക് നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഈ യോഗത്തില്‍ പ്രതിപക്ഷ മെമ്പര്‍മാരായ ടി ഹംസ, രാധാ രാമസ്വാമി, ബെന്നി പീറ്റര്‍, ടി.കെ നസീമ, ഗീത, മുഹമ്മദ് യൂനുസ്, കെ ബാബു, ഓമന എന്നിവരും പഞ്ചായത്ത് സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തി. പഞ്ചായത്തിന്റെ കെട്ടിടങ്ങളോ ആസ്തികളോ വാടകക്ക് കൊടുക്കുമ്പോള്‍ വാടക നിശ്ചയിക്കേണ്ടത് പരസ്യ ലേലത്തിലൂടെയോ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ നിശ്ചയിക്കുന്ന നിരക്കിലോ ആയിരിക്കണമെന്ന നിയമം നിലനില്‍ക്കേ ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് തുഛമായ 100 രൂപക്ക് ഗ്രന്ഥശാലക്ക് നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിന്റെ ആസ്തി നിയമവിരുദ്ധമായി സ്വകാര്യ സ്ഥാപനത്തിന് നല്‍കുവാനുള്ള ഭരണസമിതിയുടെ നീക്കത്തിനെതിരേ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷനായി. കണ്‍വീനര്‍ ബി സുരേഷ്ബാബു സ്വാഗതം പറഞ്ഞു. പി.കെ അഷറഫ്, രാജു ഹെജമാഡി, രാധാരാമസ്വാമി, ബെന്നി പീറ്റര്‍, മുഹമ്മദ് യൂനുസ്, കെ ബാബു, ഗീത, ഓമന, ടി.കെ നസീമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."