കരാറുകാര്‍ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അഭ്യര്‍ഥിച്ചു. മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചുകൂട്ടിയ കരാറുകാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017-18ലെ വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശനമായ നിര്‍ദേശമുണ്ട്. ഫെബ്രുവരിയില്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനവും മാര്‍ച്ചില്‍ 15 ശതമാനവും മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ. അതിനനുസൃതമായി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി ആസൂത്രണം വേഗത്തിലാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ മരാമത്ത് പണികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടെണ്ടര്‍ നടപടികളുമായി സഹകരിക്കാതിരിക്കുന്നത് പദ്ധതി നിര്‍വഹണം അവതാളത്തിലാവാന്‍ കാരണമാവുമെന്നും കെ.വി സുമേഷ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ കരാറുകാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണം.
മണല്‍, കരിങ്കല്ല്, ചെങ്കല്ല്, സിമെന്റ്, ടാര്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട്, ജി.എസ്.ടി നടപ്പാക്കിയതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടാകുന്ന അധിക ബാധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ കരാറുകാര്‍ യോഗത്തില്‍ ഉന്നയിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരെ അറിയിച്ചു. നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനകം 15 ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായും ഒരു മാസത്തിനകം അവ പ്രവര്‍ത്തനക്ഷമമാവുമെന്നും എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ അന്യായമായി തടയുന്നുവെന്ന പരാതി ജില്ലാ പൊലിസ് മേധാവിയുമായി ചര്‍ച്ച ചെയ്യാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."