ഗെയില്‍ നഷ്ടപരിഹാര തുകയില്‍ ഏകീകരണമില്ലെന്നു പരാതി നഷ്ടപരിഹാര തുക സ്വീകരിക്കില്ലെന്ന് കര്‍ഷകര്‍
ചെറുവത്തൂര്‍: ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) നഷ്ടപരിഹാര തുക വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും ആക്ഷേപം. പ്രകൃതി വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വിളകള്‍ നഷ്ടമാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയില്‍ ഏകീകരണമില്ലെന്നാണു പരാതി. നഷ്ടമാകുന്ന സ്ഥലത്തിനും കാര്‍ഷിക വിളകള്‍ക്കും നല്‍കേണ്ട തുക അടുത്തിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതു കണക്കിലെടുക്കാതെ വര്‍ഷങ്ങള്‍ക്കു മുമ്പു നിശ്ചയിച്ച തുക തന്നെ വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരേയാണണ്ടു പ്രതിഷേധം. ഇന്നാണു കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ നഷ്ടപരിഹാര വിതരണം നടക്കുന്നത്. എന്നാല്‍ പുതുക്കി നിശ്ചയിച്ച തുക ലഭിക്കാത്തതിനാല്‍ നഷ്ടപരിഹാരം ഏറ്റുവാങ്ങേണ്ടെന്നാണു കര്‍ഷകസംഘം ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റിയുടെ തീരുമാനം. മാത്രവുമല്ല മരങ്ങള്‍ക്കു നിശ്ചയിച്ച നഷ്ട പരിഹാര തുക നാമമാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന ചിലപ്രദേശങ്ങളിലുള്ളവര്‍ക്കു നേരത്തേ നഷ്ടപരിഹാരം നല്‍കിയിരുന്നു. പഴയ തീരുമാനപ്രകാരമുള്ള തുകയാണു നല്‍കിയത്. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ച തുക പ്രകാരം ബാക്കി ലഭിക്കേണ്ട തുക ഇവര്‍ക്ക് അടുത്തുതന്നെ ലഭിക്കുകയും ചെയ്യും.
ഇതിനിടയിലാണ് ഇതുവരെ നഷ്ട നപരിഹാരം ലഭിക്കാത്തവര്‍ക്കു പഴയ നിരക്കില്‍ നഷ്ടപരിഹാര വിതരണം നടക്കുന്നത്. ഈ തുക ഏറ്റുവാങ്ങിയാല്‍ പുതുക്കി നിശ്ചയിച്ച തുക കര്‍ഷകര്‍ക്കു ലഭ്യമാകില്ലെന്നാണു വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച മംഗളൂരു-കൊച്ചി പാചവാതക പൈപ്പ് ലൈന്‍ പദ്ധതി നഷ്ട പരിഹാരത്തുക കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് എങ്ങുമെത്താതെ കിടക്കുകയായിരുന്നു. ഇതിനിടയിലാണു പ്രവൃത്തി വേഗത്തിലാക്കാന്‍സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്.കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം കൈക്കൊണ്ടിട്ടും അതു നടപ്പാക്കാന്‍ ഗെയില്‍ അധികൃതര്‍ തയാറാകാത്തത് അംഗീകരികാന്‍ കഴിയില്ലെന്ന നിലപാടിലാണു കര്‍ഷക സംഘം.
ഏറ്റെടുക്കുന്ന ഭൂമിക്ക് 2010ലെ ന്യായ വിലയുടെ അമ്പതു ശതമാനം അടിസ്ഥാനപ്പെടുത്തി നഷ്ട പരിഹാരം കൊടുക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിനു പകരം 2015ലെ ന്യായവില അടിസ്ഥാനമാക്കി നഷ്ടപരിഹാരം നല്‍കാനാണു പുതിയ തീരുമാനമുണ്ടായത്. ഒപ്പം കാര്‍ഷിക വിളകള്‍ക്ക് അവയുടെ പ്രായം, വിളവ് എന്നിവ അടിസ്ഥാനമാക്കി നഷ്ടപരിഹാരം നല്‍കാനും തീരുമാനമായിരുന്നു. തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ക്ക് വനം വകുപ്പിന്റെ മാനദണ്ഡം അനുസരിച്ചാണ് തുക നിശ്ചയിക്കുന്നത്. എന്നാല്‍ ഇതു നാമമാത്രമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."