കഞ്ചാവ് വില്‍പന ഒന്‍പത് കൗമാരക്കാര്‍ പിടിയില്‍
കൊച്ചി: നഗരത്തില്‍ വിദ്യാലയ പരിസരങ്ങളില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പന നടത്തിവന്നിരുന്ന സംഘത്തിലെ ഒന്‍പത് കൗമാരക്കാരെ ഷാഡോ പൊലിസ് പിടികൂടി. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജെയ്‌സണ്‍ (23), നെട്ടൂര്‍ സ്വദേശിയായ നെജാത് (18) പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര്‍ എന്നിവരാണ് പൊലിസ് പിടിയിലായത്. ഇവരില്‍ നിന്നും മുക്കാല്‍ കിലോയോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെടുത്തു.
നഗരത്തിലെ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും കമ്മിഷണര്‍ എം.പി ദിനേശിനു നല്‍കിയ വിവരത്തെ തുടര്‍ന്ന് ഷാഡോ പൊലിസുകാര്‍ നഗരത്തിലെ വിദ്യാലയ പരിസരങ്ങളില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ കൗമാരക്കാര്‍ എല്ലാം തന്നെ വിവിധ തരത്തില്‍ പെട്ട ലഹരിമരുന്നുകള്‍ക്ക് അടിമകള്‍ ആണ്.
ഇവര്‍ സമപ്രായക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നുകള്‍ സൗജന്യമായി നല്‍കിയാണ് തങ്ങളുടെ ഉപഭോക്താക്കള്‍ ആക്കിയിരുന്നത്. ഇവര്‍ക്ക് ലഹരി വസ്തുകള്‍ എത്തിച്ച് നല്‍കുന്ന സംഘത്തെ പറ്റിയുള്ള സൂചനകള്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചു. ഷാഡോ എസ്.ഐ ഹണി കെ ദാസ്, കടവന്ത്ര എസ്.ഐ വിജയ് ശങ്കര്‍, സെന്‍ട്രന്‍ എസ്.ഐ ജോസഫ് സാജന്‍ സി.പി.ഒമാരായ ഹരിമോന്‍, അഫ്‌സല്‍, സാനു, സാനു മോന്‍, വിശാല്‍, വിനോദ്, സദീപ്, യൂസഫ്, ഷാജി,സനോജ്, രാഹുല്‍, പ്രശാന്ത്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."