മഴ: ജില്ലയില്‍ 2.33 കോടിയുടെ കൃഷിനാശം കൂടുതല്‍ കോതമംഗലം, പെരുമ്പാവൂര്‍, പിറവം മേഖലകളില്‍
കാക്കനാട്: കനത്ത മഴയില്‍ കാര്‍ഷിക മേഖലയിലുണ്ടായത് കനത്ത നാശനഷ്ടം. കൃഷിവകുപ്പ് ശേഖരിച്ച പ്രാഥമിക കണക്കുകള്‍ പ്രകാരം ശക്തമായ മഴയില്‍ ജില്ലയില്‍ 2.33 കോടിയുടെ കൃഷിനാശമാണുണ്ടായത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം കോതമംഗലം, പെരുമ്പാവൂര്‍, പിറവം മേഖലകളിലാണ്. കൂടുതല്‍ നഷ്ടം വാഴ കൃഷിക്കാണ്. 77410 വാഴകളാണ് മഴയില്‍ നിലം പൊത്തിയത്. 530 റബറും നശിച്ചു. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 70 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. താമസിച്ചു കൃഷിയിറക്കിയ കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിച്ചതെന്നു കൃഷിവകുപ്പു അധികൃതര്‍ പറഞ്ഞു.
75 ഹെക്ടറിലെ മരച്ചീനിയും 56 ഹെക്ടറിലെ പച്ചക്കറികൃഷിയും ഒരു ഹെക്ടറിലെ കൈതച്ചക്ക കൃഷിയും നശിച്ചു. രണ്ട് ഹെക്ടറിലെ ഇഞ്ചി കൃഷിയും വെള്ളത്തിലായി. ജാതി 216, തെങ്ങ് 65, കമുക് 40, കുരുമുളക് വള്ളി 50, കൊക്കോ 125 എന്നിങ്ങനെയാണ് മറ്റു നാശനഷ്ടങ്ങള്‍.
രണ്ടു ദിവസമായി മഴക്കു ശമനമുണ്ടെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും മാറിയിട്ടില്ല. മഴക്കെടുതിയിലെ മറ്റു നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതെയുള്ളു. കണക്കെടുപ്പ് പൂര്‍ണമാകുന്നതോടെ കനത്ത മഴയില്‍ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടം രണ്ടും മൂന്നും ഇരട്ടിയാകുമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ കണക്ക്കൂട്ടല്‍. കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പ് കൃഷിവകുപ്പ് അധികൃതര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് പേമാരിയില്‍ വീണ്ടും കനത്ത നാശനഷ്ടമുണ്ടായത്. കലവര്‍ഷം തുടങ്ങി രണ്ട് മാസത്തിനകം കാറ്റിലും മഴയിലും ജില്ലയില്‍ 2.71 കോടിയുടെ കൃഷി നഷ്ടമാണ് പ്രാഥമിക കണക്കുകള്‍ പ്രകാരം കണക്കാക്കിയിരുന്നത്. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ അതത് മുനിസിപ്പല്‍ പഞ്ചായത്ത് പ്രദേശത്തെ കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."