റെയില്‍വേ ട്രാക്കിനടുത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
അമ്പലപ്പുഴ: തകഴി ആശുപത്രിക്ക് സമീപത്തെ റെയില്‍വേ ട്രാക്കിനടുത്തു നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ റെയില്‍വേ ട്രാക്കിനു സമീപത്തെ കാട് വെട്ടിതെളിക്കുന്നതിനിടെ റെയില്‍വേ ജീവനക്കാരാണ് അരയില്‍ പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.സംഭവസ്ഥലത്തു നിന്ന് പേഴ്‌സ്, പാന്റ് തകഴി ചെക്കിടിക്കാട് തുരുത്തിമാലവീട്ടില്‍ ഔസേഫ് തോമസിന്റെ മകന്‍ വര്‍ഗ്ഗീസ് ഔസേഫ്(26) എന്നയാളിന്റെ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പൊലീസിന് ലഭിച്ചു. വര്‍ഗ്ഗീസ് ഔസേഫിനെ കാണാനില്ലെന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് എടത്വാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതോടെ ശരീരം അഴുകി ദ്രവിച്ച് മൂന്നു മാസത്തിലേറെ പഴക്കം തോന്നിക്കുന്ന അസ്ഥികൂടം വര്‍ഗ്ഗീസ് ഔസേഫിന്റെതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.
തകഴി സ്വദേശി മധു (48) കഴിഞ്ഞ ഏപ്രില്‍ 20ന് വെള്ളത്തില്‍ മുങ്ങി മരിച്ചിരുന്നു. മധു മരിക്കുന്നതിന് തലേന്ന് വര്‍ഗ്ഗീസ് ഔസേഫ് അടക്കമുള്ള അഞ്ച് സുഹൃത്തുക്കള്‍ മധുവിനൊപ്പം മദ്യപിച്ചിരുന്നു.ഇതിനു ശേഷം മധുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. ഇതിനിടെ വര്‍ഗ്ഗീസിന്റെ സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയരാക്കിയെങ്കിലും ഇയാള്‍ പരിശോധനക്കെത്തിയിരുന്നില്ല .പിന്നീടാണ് വര്‍ഗീസിനെ കാണാതായത്. ഇയാളുടെ അമ്മയുടെ രക്തസാമ്പിള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയാലെ മൃതദേഹം വര്‍ഗീസിന്റെ താണോ എന്ന് തിരിച്ചറിയാനാകൂവെന്ന് അമ്പലപ്പുഴ എസ്.ഐ.എം.രജീഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."