മഴക്കെടുതി; ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ആലപ്പുഴ: ജില്ലയില്‍ മഴക്കെടുതിയില്‍ 18 വീടുകള്‍ പൂര്‍ണമായും 35 എണ്ണം ഭാഗികമായും നശിച്ചു. 1419.55 ഹെക്ടറിലെ കൃഷി മടവീണ് നശിച്ചിട്ടുണ്ട്. 79.83 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു.ജില്ലയില്‍ നാലു ക്യാമ്പുകളിലായി 52 കുടുംബങ്ങളിലെ 204 പേരാണ് കഴിയുന്നത്. ഇതില്‍ 44 പേര്‍ കുട്ടികളാണ്. ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകളുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ജില്ലാ കളക്ടര്‍ ടി.വി. അനുപമ സന്ദര്‍ശിച്ചു. വെള്ളപ്പൊക്ക ബാധിതമായ നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി, കിടങ്ങറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നു കുടുംബങ്ങളിലെ 15 പേര്‍ കഴിയുന്ന തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.എസ്. സ്‌കൂള്‍ സന്ദര്‍ശിച്ചു. മൂന്നു കുടുംബങ്ങള്‍ നേരിടുന്ന ദുരിതം വീട്ടമ്മമാര്‍ കളക്ടറെ ധരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ഗീത സുരേന്ദ്രന്‍, പഞ്ചായത്തംഗം ഷൈനി ഹരികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ദുരന്തനിവാരണത്തിന്റെ ചുമതല വഹിക്കുന്ന ജാന്‍സി ഡാനിയേല്‍, ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ സാനു, ജൂനിയര്‍ സൂപ്രണ്ട് ബിജു എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
15 കുടുംബങ്ങളിലെ 59 പേര്‍ കഴിയുന്ന മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്കിലാത്ത് ഗവണ്‍മെന്റ് എല്‍.പി.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച കളക്ടര്‍ അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തി. മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.കെ. പ്രസാദ്, ജ്യോതി വേലൂര്‍ മഠം എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
തഴക്കര വെട്ടിയാര്‍ അപ്പോസ്‌തോലിക് പെന്തിക്കോസ്ത് ചര്‍ച്ചിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും കളക്ടര്‍ സന്ദര്‍ശിച്ചു. 23 കുടുംബങ്ങളിലെ 96 പേരാണ് ഇവിടെയുള്ളത്. തഴക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധന്‍, തഹസില്‍ദാര്‍ എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മാവേലിക്കര നൂറനാട് ഇടപ്പോണ്‍ എച്ച്.എസില്‍ 11 കുടുംബങ്ങളിലെ 34 പേര്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."