കടയ്ക്കൊപ്പം തകര്‍ന്നടിഞ്ഞത് ശശിയുടെ ജീവിത സ്വപ്നങ്ങള്‍
അടിമാലി: കല്ലാര്‍കുട്ടിയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ കടയ്ക്കൊപ്പം ശശിയുടെ ജീവിതസ്വപ്നങ്ങള്‍ കൂടിയാണ് തകര്‍ന്നടിഞ്ഞത്.
തന്റെ ഏക വരുമാനമാര്‍ഗവും കുടുംബത്തിന്റെ താങ്ങും തണലുമായി നിന്ന തന്റെ കട മണ്ണിടിച്ചിലിനൊപ്പം ഡാമിന്റെ അഗാധതയിലേക്ക് തകര്‍ന്നടിയുന്ന കാഴ്ച കണ്മുമ്പില് കാണുമ്പോള്‍ ശശിയ്ക്ക് നെടുവീര്‍പ്പിടാന്‍ മാത്രമെ ആയുള്ളു. പതിനാലു വര്‍ഷക്കാലമായി തന്റെ സമ്പാദ്യമായ കട ഒരു ഓര്‍മ്മയായത് വിശ്വസിക്കാനാവുന്നില്ല. എല്ലാം പെട്ടെന്നായിരുന്നു.
കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശമായ പാതയോരത്താണ് 20 ല്‍ പരം കടകളുള്ള കല്ലാര്‍കുട്ടി ടൗണ്‍. ഡാമിനും റോഡിനും ഇടയിലുള്ള ചെങ്കുത്തായ ഭാഗം കെട്ടിയെടുത്താണ് ഇവിടെ കടമുറികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ചില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പില്ലറില്‍ കെട്ടിയുയര്ത്തിയതൊഴിച്ചാല് തകര്‍ന്ന കെട്ടിടമുള്‍പ്പെടെ താല്‍ക്കാലിക താങ്ങുകളില്‍ നിര്‍മ്മിച്ചവയാണ്.
പതിന്നാലു വര്‍ഷം മുമ്പ് ശശി, കട വിലക്കു വാങ്ങി കച്ചവടം തുടങ്ങിയതാണ്. ഇനി കട പുനര്‍നിര്‍മാണമെന്ന സ്വപ്നവും അസ്ഥാനത്തായിരിക്കുന്നു. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതാണ് ശശിക്ക് ഏക ആശ്വാസം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."