വികസന മാതൃക സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി വെള്ളിയാമറ്റം വെള്ളിയാമറ്റത്തെ ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്തുമെന്ന് എം.പി
തൊടുപുഴ: രാഷ്ട്ര പിതാവ് സ്വപ്നം കണ്ട ഗ്രാമസ്വരാജ് യാഥാര്‍ത്ഥ്യമാക്കാനും, പുതിയ വികസന മാതൃക സൃഷ്ടിച്ചെടുക്കാനും ഒറ്റക്കെട്ടായി അണി നിരന്ന് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്. ആദര്‍ശ് ഗ്രാമിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് രൂപം നല്‍കാന്‍ ചിട്ടയായ പദ്ധതികളുമായി ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ബഹു ജനങ്ങളും അണി നിരന്നത് ഗ്രാമവികസന ചരിത്രത്തില്‍ പുതിയ ഒരു അധ്യായമായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെ ഒരേ വികാരത്തിലും, ഒരേ ലക്ഷ്യത്തിലും ഒത്തു ചേര്‍ന്നപ്പോള്‍ വികസന പന്ഥാവുകള്‍ വെട്ടിത്തുറക്കാന്‍ തീരുമാനമായി. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നും, ഗ്രമത്തിന്റെ വികസനമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാന ശിലയെന്നും ഭാരത ജനതയെ ഉദ്‌ബോധിപ്പിച്ച മഹാത്മജിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കാനുള്ള കൂടിച്ചേരലിന്റെ തുടക്കമായിരുന്നു തിങ്കളാഴ്ച വെള്ളിയാമറ്റത്ത് നടന്നത്.
പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട വെള്ളിയാമറ്റത്തിന്റെ വികസന രൂപരേഖ തയ്യാറാക്കാനാണ് എം പി യുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഒന്നാകെ വെള്ളിയാമറ്റത്ത് എത്തിയത്. സാംസ്‌കാരികവും, സാമൂഹികവുമായ മാറ്റം സൃഷ്ടിച്ചെടുക്കുന്നതോടൊപ്പം മതേതരത്വവുംകാര്‍ഷിക സംസ്‌കൃതിയും നിലനിര്‍ത്തിക്കൊണ്ട് പുതിയ വികസന മാതൃക സൃഷ്ടിക്കാനാണ് തയ്യാറാവുന്നത്. സന്‍സദ് ആദര്‍ശ് ഗ്രാം പഞ്ചായത്തിന് പ്രത്യേകമായ ഒരു ഫണ്ടും നല്‍കുന്നില്ല. എല്ലാ വകുപ്പുകളുടേയും സംയോജിത പ്രവര്‍ത്തനത്തിലൂടെ മുഴുവന്‍ വകുപ്പുകളും ഒരു പഞ്ചായത്തിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ അതിര്‍ത്തികളില്ലാത്ത വികസന പ്രവാഹത്തിന്റെ സാധ്യതകളാണ് ഉയര്‍ന്നു വരുന്നതെന്ന് ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി പറഞ്ഞു. 2019 ലാണ് ആദര്‍ശ് ഗ്രാം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായിട്ടുള്ള മോണിറ്ററിംഗ് കമ്മറ്റിക്കാണ് പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. പന്നിമറ്റത്ത് ചേര്‍ന്ന ജില്ലാതല ശില്‍പശാലയില്‍ ഡെപ്യൂട്ടി കലക്ടര്‍ ടി കെ സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ ആമുഖ പ്രസംഗം നടത്തി. ആദര്‍ശ് ഗ്രാമിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ സാജു സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി വി സുനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോനിച്ചന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലീഡ് ബാങ്ക് മാനേജര്‍, ജില്ലാ പ്ലാംനിംഗ് ഓഫീസര്‍, ഐ ടി ഡി പി, കൃഷി- മൃഗസംരക്ഷണം, കുടുംബശ്രീ, ജലസേചനം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി 45 വകുപ്പു മേധാവികള്‍ പദ്ധതി തയ്യാറാക്കുന്ന ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."