സസ്പെന്ഷന്: കോളജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
പാലാ: സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഒന്നാം വര്‍ഷ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥി ശ്രീജിത്ത് (20) ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് കോളജ് കാംപസിലാണ് സംഭവം. കോളജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ശ്രീജിത്തടക്കം എട്ട് വിദ്യാര്‍ഥികളെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്നാരംഭിക്കുന്ന ഇന്റേണല്‍ പരീക്ഷ എഴുതാന്‍ ഇവരെ അനുവദിക്കില്ലെന്ന് കോളജ് അധികൃതര്‍ നിലപാടെടുത്തു. ഇതറിഞ്ഞ ശ്രീജിത്ത് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചു. അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ശിക്ഷാനടപടി പിന്‍വലിക്കാന്‍ ഇദ്ദേഹം കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഉപരോധം തുടങ്ങിയത്. പിന്നീട് വിദ്യാര്‍ഥികളെ ഇന്റേണല്‍ പരീക്ഷ എഴുതുവാന്‍ അനുവദിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. നടപടിക്ക് വിധേയരായ വിദ്യാര്‍ഥികളെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മാനേജ്മെന്റ് പരിഗണിച്ചുവരികയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ജോയി ജോസഫ് അറിയിച്ചു. ഇതിനിടയില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആവശ്യമില്ലാതെ പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."