പൊലിസ് സ്റ്റേഷനുകളില്‍ സി.ഐ തസ്തികയില്‍ നിയമനമില്ല അന്വേഷണങ്ങള്‍ പ്രതിസന്ധിയില്‍
പാലക്കാട്: : ജില്ലയിലെ ഗ്രാമീണ മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കാലങ്ങളായി സി.ഐ. നിയമനമില്ലാത്തത് മിക്കപ്പോഴും അന്വേഷണങ്ങളെ പ്രതിസന്ധിയിലാക്കുന്നു. മലമ്പുഴ, കോട്ടായി, മങ്കര എന്നിവിടങ്ങളില്‍ കാലങ്ങളായിട്ടും സി,ഐ. നിയമനം നടത്തിയിട്ടില്ല. ഇതുമൂലം ഈ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള ചുമതല വഹിക്കുന്നതാകട്ടെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള സ്റ്റേഷനുകളിലെ സി.ഐ. മാരാണ്.
മലമ്പുഴ സ്റ്റേഷന്റെ ചുമതല കല്ലേക്കുളങ്ങര ഹേമാംബിക നഗര്‍ സ്റ്റേഷനിലെ സിഐക്കും കോട്ടായി സ്റ്റേഷന്റെ ചുമതല കുഴല്‍മന്ദം സി.ഐ ക്കും ചുമതലപ്പോടുമ്പോള്‍ മങ്കര സ്റ്റേഷന്റെ ചുമതല 20 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ. ക്കാണ്.ഇതുമൂലം ഈ പ്രദേശങ്ങളില്‍ കൊലപാതകമുള്‍പ്പടെയുള്ള നിരവധി വലിയകേസുകള്‍ നടക്കുമ്പോള്‍ ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇടക്ക് നോര്‍ത്ത് സ്റ്റേഷനില്‍ സി.ഐ. ആയിരുന്ന ഹരിപ്രസാദിനെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ഇവിടെ സി.ഐ. നിയമനം വൈകിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതേ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മറ്റു സബ് പൊലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തേയും ഇത് കാര്യമായി ബാധിക്കും.
കഴിഞ്ഞ ദിവസം കോട്ടായിയില്‍ കൊല്ലപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് വധഭീഷണിയുള്ളതിനെതുടര്‍ന്ന് ഇവര്‍ കോട്ടായി പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തിലും ഇവര്‍ക്കു രക്ഷയൊരുക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് ഉദ്യോഗസ്ഥ വീഴ്ചസംഭവിച്ചതുമാണ് ഇവരുടെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് ആരോപണങ്ങളുയരുന്നുണ്ട്. പാലക്കാട് കുളപ്പുള്ള സംസ്ഥാന പാതയിലുള്ള മങ്കര സ്റ്റേഷന്‍ പരിധിയില്‍ നിരവധികേസുകളാണ്‌നടന്നിട്ടുള്ളത്. കുഴല്‍മന്ദം, കൊടുവായൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള കോഴിവണ്ടികള്‍ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ഭാഗത്തേക്കു പോകുന്ന പാതകൂടിയാണ് മങ്കര പ്രദേശം.
സംസ്ഥാനത്തെ തന്നെ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയില്‍ മാവോയിസ്റ്റ് ഭീഷണിയടക്കം ഉണ്ടായിട്ടും ഇതേ വരെ ഇവിടെ സി.ഐ. നിയമനം നടത്തിയിട്ടില്ല. ഇവിടുത്തെ വലിയ കേസുകളുടെ അന്വേഷണ ചുമതലയാകട്ടെ ഹേമാംബിക നഗര്‍ സി.ഐ. ക്കാണ്. എന്നാല്‍ നിരവധി അപകടങ്ങള്‍ നടക്കുന്ന പാലക്കാട് - തൃശൂര്‍ ദേശീയ പാതയിലെ കുഴല്‍മന്ദം സ്റ്റേഷനിലെ സി.ഐ. ക്ക് കോട്ടായി സ്റ്റേഷന്റെ കൂടി ചുമതല വഹിക്കേണ്ടത് പരിതാപകരമാണ്.
പലപ്പോഴും ഇരു പ്രദേശങ്ങളിലും വലിയ കേസുകള്‍ നടക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു സി.ഐ. ഉദ്യോഗസ്ഥന്‍ തന്നെ രണ്ടു സ്റ്റേഷന്‍ പരിധിയിലെ കേസുകളും അന്വേഷിക്കേണ്ട ഗതികേടാണു ഉണ്ടാവുന്നത്. മാത്രമല്ല ഇത് പലപ്പോഴും അന്വേഷണത്തേയും സാരമായി ബാധിക്കുമെന്നതും പ്രതികളെ പിടുകൂടാന്‍ കാലതാമസമുണ്ടാക്കുന്നതായും വരും.
ഗ്രാമീണ മേഖലകളിലെ സ്റ്റേഷനുകളില്‍ ഉയര്‍ന്ന റാങ്കുള്ള സി.ഐ. ഉദ്യോഗസ്ഥരില്ലാത്തതുമൂലം ഈ പോലീസ് സ്റ്റേഷനുകളിലെ മിക്ക കേസുകളിലും രാഷ്ട്രീയ - സാമ്പത്തിക സ്വാധീനങ്ങള്‍ മൂലം ഇല്ലാതാകുന്ന സ്ഥിതിവിശേഷമുള്ളതായും പരാതിയുയരുന്നുണ്ട്. ജില്ലയില്‍ ദേശീയ സംസ്ഥാന പാതകളുള്‍പ്പെടുന്ന ഗ്രാമീണ മേഖലകളിലെ സ്റ്റേഷനുകളില്‍ അടിയന്തിരമായി സി.ഐ. നിയമനം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."