അട്ടപ്പാടി ഒറ്റപ്പെട്ടുതന്നെ: മലയിടിച്ചില്‍ തുടരുന്നു
അഗളി : കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന അട്ടപ്പാടി പ്രദേശമൊന്നാകെ തികച്ചും ഒറ്റപ്പെട്ട അവസ്ഥയില്‍. ഭരണകേന്ദ്രമായ അഗളിയിലേക്ക് എത്തണമെങ്കില്‍ ഇപ്പോള്‍ തമിഴ്‌നാട് വഴിവേണം എത്താന്‍. ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന മഴയില്‍ മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്കുള്ള പ്രധാന റോഡിലെ നിരവധി ചുരങ്ങളില്‍ മണ്ണും പാറക്കൂട്ടങ്ങളും ഒഴുകിയെത്തി അടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസമായി നിരവധി മണ്ണുമാന്തി യന്ത്രങ്ങള്‍ രാപ്പകലില്ലാതെ ജോലി ചെയ്തിട്ടും റോഡ് ഗതാഗതയോഗ്യമായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അട്ടപ്പാടി ചുരത്തില്‍ ഇപ്പോഴത്തേതിന് സമാനമായി ചുരത്തില്‍ തുര്‍ച്ചയായി ഗതാഗത തടസ്സമുണ്ടാകുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനയുണ്ടായതും റോഡിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശക്തിപകരുന്നുണ്ട്. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതോ മറിഞ്ഞുവീഴാറായതോ ആയ മരങ്ങളും ഗതാഗത തടസ്സമുണ്ടാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. ശാസ്ത്രീയ രീതിയില്‍ പണിത റോഡുകളല്ല അട്ടപ്പാടിയിലുള്ളതെന്ന ആക്ഷേപം വ്യാപകമാണ്. മരം കയറ്റാനായി നിര്‍മ്മിച്ച കൂപ്പ് റോഡ് പിന്നീട് അന്തര്‍സംസ്ഥാന പാതയായി മാറ്റുകയായിരുന്നു. എന്നാല്‍ ഇതിനനുസരിച്ചുള്ള റോഡ് വികസനം ഉണ്ടായില്ല. ഇപ്പോള്‍ തകര്‍ന്ന റോഡ് ശരിയാക്കിയെടുക്കാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആനമൂളി, മുക്കാലി ചെക്ക്‌പോസ്റ്റുകള്‍ വഴി ഇപ്പോഴും ആരേയും കടത്തി വിടുന്നില്ല. അത്യാവശ്യമായി മണ്ണാര്‍ക്കാട് എത്തണമെങ്കില്‍ കോയമ്പത്തൂര്‍ വഴി പാലക്കാട് എത്തി മണ്ണാര്‍ക്കാട്ടേക്ക് വരണം. തങ്ങളുടെ യാത്ര ദുരിതം എന്നുതീരുമെന്നറിയാതെ ആശങ്കയിലാമ് അട്ടപ്പാടിയിലുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."