ടൈറ്റാനിയം അഴിമതിക്കേസ്: വിജിലന്‍സ് ഇന്റര്‍പോള്‍ സഹായം തേടി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ വ്യവസായ മന്ത്രി വി.കെ ഇബ്‌റാഹിംകുഞ്ഞും അടക്കമുള്ളവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം രാജ്യാന്തരതലത്തിലേക്ക്. ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇന്റര്‍പോളിന്റെ സഹായം തേടി. ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത രണ്ട് ഫിന്‍ലാന്‍ഡ് കമ്പനികളെപ്പറ്റി അന്വേഷിക്കുന്നതിന് സഹായം തേടിയാണ് വിജിലന്‍സ് ഇന്റര്‍പോളിനെ സമീപിച്ചത്. കേന്ദ്ര ഇന്റലിജന്‍സ് ജോയിന്റ് ഡയറക്ടര്‍ക്കാണ് വിജിലന്‍സ് കത്തു നല്‍കിയത്. അവര്‍ വഴിയായിരിക്കും കത്ത് ഇന്റര്‍പോളിന് കൈമാറുക.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു വേണ്ടി 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണു കേസ്. പ്ലാന്റിനാവശ്യമായ യന്ത്രങ്ങള്‍ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്തത്. വി.എ ടെക് വി ബാഗ് എന്ന വിദേശ കമ്പനിയില്‍ നിന്നാണ് കരാറെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തത്. വിദേശത്തായതിനാല്‍ ഈ കമ്പനിയെക്കുറിച്ച് അന്വേഷിക്കുന്നതിന് പരിമിതികളുണ്ടെന്നും അതിനാല്‍ സഹായം വേണമെന്നുമാണ് ഇന്റര്‍പോളിനോട് വിജിലന്‍സ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മെക്കോണിന് ഉപകരണങ്ങള്‍ കൈമാറിയത് എത്ര കോടി രൂപയ്ക്കാണെന്നും ഇടനിലക്കാര്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യങ്ങളിലും വ്യക്തത വരുത്തണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നിരവധി കത്തുകള്‍ ഈ രണ്ട് കമ്പനികള്‍ക്കും വിജിലന്‍സ് സംഘം നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാതെ നിസ്സഹകരിക്കുന്ന കമ്പനികളെപ്പറ്റി അന്വേഷിക്കുന്നതിനാണ് രാജ്യാന്തര ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം വിജിലന്‍സ് തേടിയിരിക്കുന്നത്.
കേസ് അന്വേഷണം ശക്തിപ്പെടുത്തുന്നതിന് അന്വേഷണ സംഘം വിപുലീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വസ്തുതാവിവര റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ നല്‍കി. അന്വേഷണ പുരോഗതി നാല് മാസത്തിനകം അറിയിക്കണമെന്ന് നേരത്തെ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി പ്രത്യേകതാല്‍പര്യം എടുത്ത് ടൈറ്റാനിയത്തില്‍ മലീനികരണ സംസ്‌കരണ പഌന്റ് സ്ഥാപിച്ചത് വഴി പൊതുഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായതായാണ് വിജിന്‍സിന്റെ കണ്ടെത്തല്‍. 2007ജനുവരി എട്ടിനാണ് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ മുന്‍ എം.ഡിമാരടക്കം ആറുപേരാണ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."