ഇന്ധനവില വര്‍ധന: സ്വകാര്യ ബസ് ഉടമകള്‍ 22ന് കരിദിനം ആചരിക്കും
കൊച്ചി: ദിനംപ്രതി ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ധനവിലും ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ച് കരിദിനാചരണവും പ്രതിഷേധമാര്‍ച്ചും നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
22ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ് ഏഴ് രൂപയിലധികമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ധനവില വര്‍ധനവിനെതിരേ ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ ബസ് ഉടമകള്‍ കൊച്ചി റിഫൈനറിയിലേക്ക് മാര്‍ച്ച് നടത്തും.
യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ അഞ്ചുമുതല്‍ അനിശ്ചതകാല ബസ്‌സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ഹംസ ഏരിക്കുന്നന്‍,കെ.വേലായുധന്‍, ആന്റോഫ്രാന്‍സിസ് പങ്കെടുത്തു.
നാളെ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പ്രതിഷേധം
കോഴിക്കോട്: ഇന്ധന വില വര്‍ധനയ്‌ക്കെതിരേ നാളെ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പ്രതിഷേധം. സംസ്ഥാനത്തെ വാഹന ഉടമകളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് വെഹിക്കിള്‍ ഓണേഴ്‌സ് കേരളയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം.
സര്‍ക്കാര്‍ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തടസപ്പെടാതിരിക്കാന്‍ പൊതുഅവധി ദിനമാണു പണിമുടക്കിനു തെരഞ്ഞെടുത്തതെന്നു സംസ്ഥാന പ്രസിഡന്റ് മംഗലശ്ശേരി നൗഫല്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് സൈമണ്‍, പ്രോഗ്രാം സെക്രട്ടറി വി.കെ ശിവാനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനങ്ങളോടുള്ള അതിക്രമം അവസാനിപ്പിക്കാന്‍ മത - രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."