തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങള്‍ അന്വേഷിക്കണം: വിജിലന്‍സിന് ചെന്നിത്തലയുടെ പരാതി
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അനധികൃത കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്. മന്ത്രിയുടെ കായല്‍ കൈയേറ്റവും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി.
മന്ത്രിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടായ ലേക്ക് പാലസിനു മുന്‍വശത്തുള്ള റോഡ് ടാര്‍ ചെയ്യിച്ചത് അധികാര ദുര്‍വിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവുമാണെന്ന് പരാതിയില്‍ പറയുന്നു. റിസോര്‍ട്ടിനു മുന്‍വശത്തുള്ള കായല്‍ വനത്തില്‍ ജണ്ടയിടുന്നത് പോലെ വലിയ പൈപ്പുകള്‍ സ്ഥാപിച്ച് അതിരിട്ട് കൈയേറിയത് അഴിമതി നിരോധന നിയമവും കേരള ഭൂസംരക്ഷണ നിയമവുമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.
മന്ത്രിയുടെ ടൂറിസം കമ്പനിയുടെ മാനേജരുടെ പേരിലുള്ള നിലം കായല്‍ ഡ്രഡ്ജ് ചെയ്‌തെടുത്ത് മണ്ണും ചെളിയും ഉപയോഗിച്ച് നികത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
മിച്ചഭൂമിയായി പിടിച്ചെടുത്ത് കര്‍ഷകര്‍ക്കു വിതരണം ചെയ്ത മാര്‍ത്താണ്ഡം കായല്‍ നിലം നികത്തിയത് ഗുരുതരമായ കുറ്റമാണ്. തോമസ് ചാണ്ടി എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലുമുള്ള അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തി. ഇതിനെക്കുറിച്ചെല്ലാം നിഷ്പക്ഷമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭയിലെ ഒരംഗത്തിനെതിരേ വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് രമേശ് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ അന്വേഷിക്കാത്ത സാഹചര്യത്തിലാണ് വിജിലന്‍സിനു പരാതി കൊടുക്കാന്‍ തിരുമാനിച്ചത്. വിജിലന്‍സിന് ഇപ്പോള്‍ ഡയറക്ടറില്ലാത്തത് അപാകത തന്നെയാണെന്ന ഉത്തമ വിശ്വാസത്തോടെയാണ് പരാതി നല്‍കുന്നത്. പരിഹാരമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണെന്നും ഇല്ലെങ്കില്‍ നിയമത്തിന്റെ വഴികള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."