സോളാര്‍ വിവാദം: ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തുവരും
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ വിവാദ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും.
കമ്മിഷന്‍ നിയമിതമായി നാലുവര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്.ജി.ശിവരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ജൂലായ് 27ന് എട്ടാംതവണയും സര്‍ക്കാര്‍ കമ്മിഷന്റെ കാലാവധി നീട്ടിനല്‍കിയിരുന്നു.
രണ്ടുമാസത്തേക്കായിരുന്നു കാലാവധി നീട്ടി നല്‍കിയത്. ഈ കാലാവധിക്കുമുമ്പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീവ്രശ്രമത്തിലാണ് കമ്മിഷന്‍.
കമ്മിഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പിന്നീട് നിയമസഭയില്‍ വയ്ക്കും. 8464 പേജുകളിലായി 23 വാള്യങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളും 7998 പേജുകളിലായി രേഖപ്പെടുത്തിയ തെളിവുകളും 972 രേഖകളും കമ്മിഷന്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കും.
ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍,എം.എല്‍.എമാര്‍, പൊലിസ് മേധാവി,ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 214 സാക്ഷികളെയാണ് കമ്മിഷന്‍ വിസ്തരിച്ചത്. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മുഖ്യപ്രതികളായ സോളാര്‍ തട്ടിപ്പ് കേസ് സംബന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും നടന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് കണ്ടെത്താന്‍ 2013 ഒക്ടോബറില്‍ യു.ഡി.എഫ് സര്‍ക്കാരാണ് സോളാര്‍ കമ്മിഷനെ നിയമിച്ചത്. ആറ് മാസത്തേക്കായിരുന്നു നിയമനം.
മൂന്നരവര്‍ഷം കൊണ്ട് 353 സിറ്റിങ്ങുകളാണ് കമ്മിഷന്‍ നടത്തിയത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തലും വാദവും പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മധ്യത്തോടെയാണ് ജസ്റ്റിസ് ജി.ശിവരാജന്‍ റിപ്പോര്‍ട്ട് തയാറാക്കി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."