എന്‍.ഡി.എയില്‍ തുടരുന്നതില്‍ പ്രയോജനമില്ല; നിലപാടുകളില്‍ മാറ്റമുണ്ടായേക്കും: വെള്ളാപ്പള്ളി
തിരുവനന്തപുരം: എന്‍.ഡി.എ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എസ്.എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്ച.
താന്‍ ഇടതുപക്ഷ ചിന്താഗതിയിലൂടെ വളര്‍ന്നു വന്നയാളാണെന്നും ഉള്ളുകൊണ്ട് ഇടതുപക്ഷക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായിയുമായി നല്ല ബന്ധമാണുള്ളതെന്നും നിലപാടുകളില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയുടെ ലക്ഷ്യങ്ങള്‍ പറയേണ്ട സമയത്തു പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി എന്‍.ഡി.എയില്‍ നില്‍ക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നും ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതിലെ അതൃപ്തി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഒരിക്കല്‍ കൂടി അറിയിക്കാനിരിക്കുകയാണ് ബി.ഡി.ജെ.എസ്. എന്‍.ഡി.എയുമായി ഇടഞ്ഞു നില്‍ക്കുന്ന ബി.ഡി.ജെ.എസ് കുമ്മനത്തിന്റെ യാത്രയിലും വേങ്ങര തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഹകരണം പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. ബി.ഡി.ജെ.എസ് എന്‍.ഡി.എയുമായുള്ള രാഷ്ട്രീയബന്ധം അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഒന്നര വര്‍ഷത്തെ ബന്ധം കൊണ്ട് പാര്‍ട്ടിക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ബി.ഡി.ജെ.എസിന്റെ വിലയിരുത്തല്‍. സെപ്റ്റംബര്‍ 30 നകം ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ എന്‍.ഡി.എ സഖ്യം വിടാനാണ് ബി.ഡി.ജെ.എസ് നേതൃത്വത്തിന്റെ തീരുമാനം. ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെ ഈയാഴ്ച ബി.ഡി.ജെ.എസിന്റെ നിര്‍ണായക കൗണ്‍സിലും ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."