ജലപരിരക്ഷയും പരിപാലനവും
വേനല്‍ക്കാലത്ത് മഴയെക്കുറിച്ച് ചിന്തിക്കുകയും മഴക്കാലമാകുമ്പോള്‍ എല്ലാം മറന്ന് മഴക്കെടുതികളെക്കുറിച്ച് പരിതപിക്കുകയും ചെയ്യുന്ന മലയാളി പാവം 'മാനവഹൃദയം' എന്ന സുഗതകുമാരി കവിതകളെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ മഴക്കാലത്ത് നമുക്ക് ലഭിക്കുന്ന മഴവെള്ളം ശരിയായ രീതിയില്‍ സംഭരിച്ച് സൂക്ഷിച്ചു വയ്ക്കണം. എങ്കില്‍ അത് കുടിവെള്ളമായി വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്നതാണ്.
ജലസമ്പത്തുകൊണ്ട് അനുഗ്രഹീതരായ നാം വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥയാണിപ്പോള്‍. 44 നദികള്‍, 152 ഉപനദികള്‍, 70 ലക്ഷം കിണറുകള്‍, നിരവധി കുളങ്ങള്‍, തോടുകള്‍, തടാകങ്ങള്‍, അരുവികള്‍ തുടങ്ങി നിരവധി ജലസ്രോതസുകളെക്കുറിച്ച് നാം ഊറ്റം കൊള്ളാറുണ്ട്. ഓരോ വര്‍ഷവും ശരാശരി 3000 എം.എം മഴ ലഭിക്കുന്ന കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത് നാം മറന്നിട്ടില്ല. വരള്‍ച്ചയും വെള്ളപ്പൊക്കവും മാറിമാറി വരുന്നത് നമുക്ക് പുത്തരിയുമല്ല. ഇതിന് കാരണക്കാര്‍ നമ്മള്‍ ഓരോരുത്തരും തന്നെയല്ലേ? കാടായ കാടെല്ലാം വെട്ടി വെളുപ്പിച്ച് മൊട്ടക്കുന്നുകളാക്കി. കുന്നും മലകളും ഇടിച്ച് നിരത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കി. വയലും തണ്ണീര്‍ത്തടങ്ങളും നികത്തി വീടുകളും ഫഌറ്റുകളും പണിതു. നദികളെയും തോടുകളെയും മലീമസമാക്കി. ഒരിറ്റ് വെള്ളത്തിനുവേണ്ടി കേഴുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളികളെക്കുറിച്ച് ചിന്തിക്കാതെ വയ്യ. ഇതിനൊരു പരിഹാരമെന്താണ്? വരും തലമുറയെ സംരക്ഷിക്കുവാന്‍ നമുക്ക് ബാധ്യതയില്ലേ? ഈ ഘട്ടത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? ജലസംരക്ഷണത്തിനായി ഓരോ വ്യക്തിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു.
വേനല്‍ക്കാലത്ത് മാത്രം കുടിവെള്ളത്തെക്കുറിച്ച് ചിന്തിക്കുകയും മഴ ലഭിക്കുമ്പോള്‍ അതെല്ലാം മറക്കുകയും ചെയ്യുന്ന നാം ഇനിയെങ്കിലും പാഠം ഉള്‍ക്കൊണ്ട് കര്‍മപരിപാടിയിലേക്ക് തിരിയേണ്ടതുണ്ട്. കാര്യമായ ജലവിനിയോഗത്തിലൂടെ കേരളത്തിലെ ജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാവുന്നതാണ്.കുടിവെള്ളം സംരക്ഷിക്കുന്നതിനായി നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മഴവെള്ളക്കൊയ്ത്ത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റും ഒരു വീട് നിര്‍മിക്കുമ്പോള്‍ തന്നെ മഴവെള്ള സംഭരണിയും ഉണ്ടാകണമെന്ന് നിയമംമൂലം കര്‍ശനമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റും മഴവെള്ളക്കൊയ്ത്തിന് കൂടുതല്‍ പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നമ്മെ തുറിച്ചുനോക്കുമ്പോള്‍ ഇനി ഓരോ വീട്ടിലും ഒരു മഴവെള്ള സംഭരണി ഉണ്ടായാല്‍ മാത്രമെ ഭാവിയില്‍ നാം നേരിടുന്ന ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരമാകൂ.
മഴവെള്ളം നേരിട്ട് പതിക്കുന്ന പ്രതലങ്ങളില്‍നിന്ന് അത് ബാഷ്പീകരണംമൂലമോ, നീരൊഴുക്ക് മൂലമോ പുഴയിലോ കടലിലോ ചെന്നെത്തി ഉപയോഗമല്ലാതായിത്തീരുന്നതിനുമുമ്പ് നേരിട്ട് സംഭരിച്ച് ഉപയോഗിക്കുന്നതിനെയാണ് മഴവെള്ള സംഭരണം എന്ന് പറയുന്നത്. മഴ ധാരാളം ലഭിക്കുന്ന ഏതൊരു സ്ഥലത്തും നടപ്പിലാക്കാവുന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു മാര്‍ഗമാണിത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍, തുറസായ പ്രദേശങ്ങള്‍ തുടങ്ങിയ പ്രതലങ്ങളില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് വെള്ളത്തിന് ക്ഷാമം നേരിടുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നും ഒഴുകിവരുന്ന മഴവെള്ളം സംഭരിക്കുന്ന റൂഫ്ക്യാച്ച്‌മെന്റ് പദ്ധതിയും, തറനിരപ്പിലുള്ള പാറക്കെട്ടുകളോ അതുപോലെ ഉറപ്പുള്ള മനുഷ്യനിര്‍മിത പ്രതലങ്ങളിലോ നിന്ന് ജലം സംഭരിക്കുന്ന ഗ്രൗണ്ട് ക്യാച്ച്‌മെന്റ് പദ്ധതിയുമാണ് മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുന്നതിന് നടപ്പിലാക്കിവരുന്ന രണ്ട് രീതികള്‍. ഇതില്‍ നമ്മുടെ വീട്ടാവശ്യത്തിന് വേണ്ട കുടിവെള്ളം ശേഖരിക്കാന്‍ മേല്‍ക്കൂരയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്ന രീതിയാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.
സ്വന്തമായി കിണറുള്ള ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് കിണര്‍ റീചാര്‍ജിങ്. സ്വന്തം കിണറിലേക്ക് പുരയിടത്തിലെ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് കടത്തിവിടുന്ന പ്രക്രിയയാണിത്. ഇതിനെ മേല്‍ക്കൂര മഴവെള്ളക്കൊയ്ത്ത് എന്ന് വിളിക്കുന്നു. ഇതിനായി കിണറിന് സമീപം ഒരു ഫില്‍ട്ടറിങ് ടാങ്ക് പണിയണം. അതില്‍ നിശ്ചിത അനുപാതത്തില്‍ കരി, മണല്‍, ചരല്‍ മുതലായവ നിറയ്ക്കണം. മഴയില്ലാത്ത അവസരങ്ങളില്‍ മേല്‍ക്കൂരകളില്‍ പതിക്കുന്ന പൊടിപടലങ്ങള്‍, പക്ഷികളുടെയും മറ്റും വിസര്‍ജ്യവസ്തുക്കള്‍ എന്നിവമൂലം ജലം മലിനമാകുന്നത് തടയാന്‍ ആദ്യത്തെ ഒന്നുരണ്ട് മഴയില്‍ നിന്നുള്ള വെള്ളം ശേഖരിക്കാതെ ഒഴുക്കിക്കളയുന്നത് നല്ലതായിരിക്കും. അതിനുശേഷം മേല്‍ക്കൂരയില്‍നിന്ന് ശേഖരിക്കുന്ന ജലം കിണറിലേക്ക് ഇറക്കാവുന്നതാണ്. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം നിരന്തരമായി ഈ രീതി തുടരുകയാണെങ്കില്‍ ജലവിതാനം ഉയരുകയും വേനല്‍ക്കാലത്ത് ജലം വറ്റാതിരിക്കുകയും ചെയ്യുന്നതാണ്. മലമുകളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ കിണര്‍ റീ ചാര്‍ജിങ് അഭികാമ്യമല്ല. തിരശ്ചീനമായ സ്ഥലങ്ങളിലാണ് ഈ പ്രക്രിയ കൂടുതല്‍ ഫലപ്രദമാകുന്നത്. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ ഫില്‍ട്ടര്‍ ടാങ്കിലെ കരിയും മണലും ചരലും പുറത്തെടുത്ത് കഴുകി വൃത്തിയാക്കണം.
മഴവെള്ള സംഭരണത്തിന് ഏറ്റവും പറ്റിയതും ചെലവ് കുറഞ്ഞതുമായ ഒരു മാര്‍ഗമാണ് ഫെറോസിമന്റ് ടാങ്ക് കൊണ്ട് നിര്‍മിക്കുന്ന ജലസംഭരണികള്‍. ഇരുമ്പ് വയര്‍മെഷും ചിക്കന്‍മെഷും സിമന്റും മണലുംകൂടി ഉപയോഗിച്ച് വാര്‍ത്താണ് ഫെറോസിമന്റ് ജലസംഭരണികള്‍ നിര്‍മിക്കുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍നിന്നുള്ള മഴവെള്ളം പി.വി.സി പാത്തികള്‍ വഴി ഒരു അരിപ്പയിലൂടെ ഫെറോസിമന്റ് സംഭരണിയില്‍ ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ മഴവെള്ളം മാസങ്ങള്‍ കഴിഞ്ഞാലും കുടിവെള്ളത്തിന് വേണ്ട എല്ലാ ഗുണനിലവാരത്തോടും കൂടി തന്നെ നിലനില്‍ക്കും. കുന്നിന്‍മുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ഫെറോസിമന്റ് സംഭരണിയില്‍ മഴവെള്ളം സംഭരിച്ച് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. സി.ഡബ്ല്യൂ.ആര്‍.ഡി.എം ഇന്‍ഡോ-കനേഡിയന്‍ പ്രോജക്ട് വഴി ലക്ഷദ്വീപിലെ പത്ത് ദ്വീപുകളില്‍ ഫെറോസിമന്റ് ടെക്‌നോളജി നടപ്പിലാക്കിയിട്ടുണ്ട്. നാല് അംഗങ്ങളുള്ള ഒരു അണുകുടുംബത്തിന് ഒരു ദിവസം പാചകാവശ്യത്തിനും കുടിക്കുവാനുമായി ശരാശരി ആളൊന്നിന് അഞ്ചുലിറ്റര്‍ തോതില്‍ ഏകദേശം 20 ലിറ്റര്‍ ശുദ്ധജലം ആവശ്യമായിവരും. മറ്റ് സ്രോതസുകളില്‍നിന്ന് ശുദ്ധജലം ലഭ്യമല്ലാത്ത അവസരങ്ങളില്‍ മാര്‍ച്ച് മുതല്‍ മെയ് മാസം വരെ ഒരു കുടുംബത്തിന് 1800 ലിറ്റര്‍ ജലം മതിയാകും. വേനല്‍ക്കാലത്ത് നമുക്കാവശ്യമായ കുടിവെള്ളം ഓരോരുത്തര്‍ക്കും അവരവരുടെ മേല്‍ക്കൂരയില്‍ വര്‍ഷകാലത്ത് പതിക്കുന്ന മഴയില്‍നിന്ന് സംഭരിക്കാവുന്നതാണ്. കേരളത്തിലെ ഓരോ വീട്ടുകാര്‍ക്കും സ്വന്തം കിണറിലേക്ക് മഴവെള്ളം കടത്തിവിട്ട് കിണര്‍ റീചാര്‍ജിങ്ങിലൂടെ ജലവിതാനം ഉയര്‍ത്തി വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം പരിപൂര്‍ണമായും പരിഹരിക്കാവുന്നതാണ്.
മണ്ണ് ജലം സംഭരിക്കുന്നതിനുള്ള ഒരു പ്രധാനയിടമാണ്. മണ്ണിന്റെ സംരക്ഷണത്തിലൂടെ ജലസംഭരണശേഷി വര്‍ധിപ്പിക്കാവുന്നതാണ്. തടമെടുക്കല്‍, കയ്യാലകെട്ടല്‍, കിടങ്ങ് കീറല്‍, തടയണ നിര്‍മിക്കല്‍, ജൈവ ബണ്ട് നിര്‍മിക്കല്‍ തുടങ്ങിയവ മഴവെള്ളം ശേഖരിച്ച് ഭൂജല വിതാനം ഉയര്‍ത്താവുന്ന സംവിധാനങ്ങളാണ്.
മഴക്കുഴി നിര്‍മിക്കുകവഴിയും മഴവെള്ളം സംഭരിച്ച് വയ്ക്കാവുന്നതാണ്. മഴയ്ക്ക് മുമ്പായി കിണറിന് ചുറ്റും ഒരുമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമായി മൂന്നോ നാലോ കുഴികളുണ്ടാക്കി ജലവിതാനത്തിന്റെ തോത് വര്‍ധിപ്പിക്കാവുന്നതാണ്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നോ രണ്ടോ കുളങ്ങള്‍ നിര്‍മിക്കണം. ജലക്ഷാമം നേരിടുന്ന വേനല്‍ക്കാലത്ത് അവ ഉപകരിക്കുന്നതോടൊപ്പം സമീപത്തെ കിണറുകള്‍ വറ്റാത്ത ജലസ്രോതസുകളായി നിലനില്‍ക്കുകയും ചെയ്യും. കൂടാതെ പഞ്ചായത്തുകളിലെ പൊതു കിണറുകള്‍ മഴയ്ക്ക് മുന്‍പേ വൃത്തിയാക്കി ജലപരിശോധന നടത്തുകയാണെങ്കില്‍ അവ കുടിവെള്ള സ്രോതസായി ഉപയോഗിക്കാവുന്നതാണ്.
കിണര്‍ റീചാര്‍ജിങ്ങിലൂടെ ജലലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം അതിന്റെ ഗുണനിലവാരം ഒരു അംഗീകൃത ലബോറട്ടറി വഴി ഉറപ്പുവരുത്തേണ്ടതാണ്. ജലം സംരക്ഷിക്കുക വഴി ശുദ്ധജലം കുടിക്കുന്നതിലൂടെ നിരവധി ജലജന്യരോഗങ്ങളില്‍നിന്ന് നമുക്ക് മോചിതരാകാം. ജലമേഖലയില്‍ സ്ഥായിയായ മുന്നേറ്റം സാധ്യമാകണമെങ്കില്‍ നമ്മള്‍ ഓരോരുത്തരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. അതിനായി നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?
ജനങ്ങളെ ജലസാക്ഷരതയുള്ളവരാക്കുക.
വര്‍ഷത്തിലൊരിക്കല്‍ കിണര്‍, കുളങ്ങള്‍ മുതലായവ ചെളി നീക്കി വൃത്തിയാക്കുക.
ജലസ്രോതസുകളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക.
തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുക.
വാഹനം കഴുകാനോ മൃഗങ്ങളെ കുളിപ്പിക്കാനോ കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
ചോര്‍ച്ചയുള്ള വാട്ടര്‍ടാപ്പ് മാറ്റി സ്ഥാപിക്കുക.
പല്ല് ബ്രഷ് ചെയ്യുമ്പോള്‍ ആവശ്യത്തിനുമാത്രം വാട്ടര്‍ടാപ്പ് തുറക്കുക.
കുളിക്കാന്‍ ബക്കറ്റും മഗ്ഗും ഉപയോഗിക്കുക.
ബാത്‌റൂമില്‍ ഇടയ്ക്കിടെ ഫഌഷിങ് ഉപയോഗിക്കുന്നത് കുറച്ചുകൊണ്ടുവരിക.
വാഷിങ് മെഷിന്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരിക.
അടുക്കളയിലെ പാത്രങ്ങള്‍ കഴുകിയതിനു ശേഷമുള്ള വെള്ളം സംഭരിച്ചുവച്ച് തോട്ടം നനയ്ക്കാനും പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കുക.
വെള്ളത്തിന്റെ പരിരക്ഷയും പരിപാലനവും നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കുകയാണെങ്കില്‍ ഭാവിയില്‍ വെള്ളത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."